ആ മാമ്പഴം
ജോജി കുഞ്ചാട്ടിൽ
സി കെ സി എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സി.കെ.ചന്ദ്രശേഖരൻ നായർ സാറിനെ ഞാൻ ആദ്യമായി കാണുന്നത് 1966 ഫെബ്രുവരിയിലെ ഒരു ദിവസം സൈനിക സ്കൂളിൽ 11 വയസ്സുള്ള ഒരു വിദ്യാര്ത്ഥിയായി പ്രവേശനം നേടിയപ്പോഴാണ്. അന്നു മുതൽ 1972 - മാർച്ചിൽ ഞാൻ സ്കൂളിൽ നിന്നും പോകുന്നത് വരെ എന്റെ മലയാളം അദ്ധ്യാപകൻ ആയിരുന്നു സി.കെ.സി സാർ.
സാധാരണ അദ്ധ്യാപകരിൽനിന്നും വ്യതസ്തമായ ബോധന-ശിക്ഷണരീതിയായിരുന്നു സാർ അവലംബിച്ചു പോന്നത്. സന്ധി-സമാസം-വൃത്തം-വ്യാകരണം തുടങ്ങിയ അറുബോറൻ വിഷയങ്ങൾ പോലും വിദ്യാര്ത്ഥികളിൽ താല്പര്യം ഉണര്ത്തും വിധം രസകരമാക്കാൻ അദ്ദേഹത്തിന് അനിതരസാധാരണമായ ഒരു കഴിവുണ്ടായിരുന്നു. പ്രസിദ്ധമായ കവിതകൾ, അവ സിലബസ്സിൽ ഇല്ലാത്തവയാണെങ്കിലും, ഒരു കഥാപ്രാസംഗികന്റെ മികവോടെ അവയുടെ കാവ്യഭംഗി ലേശം പോലും ചോരാതെ അദ്ദേഹം അവതരിപ്പിക്കുമായിരുന്നു. അങ്ങനെ അദ്ദേഹത്തിൽ നിന്നാണ് വൈലോപ്പിള്ളിയുടെ 'മാമ്പഴം' ഞാനാദ്യമായി എട്ടാം ക്ലാസ്സിൽ വച്ച് കേൾക്കുന്നത്. കാണാതെ പഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അദ്ദേഹം അത് മുഴുവൻ എനിക്ക് പറഞ്ഞു തന്നു. ആ വരികൾ, ഇന്ന് ഈ അറുപതാം വയസ്സിലും എനിക്ക് ഹൃദിസ്ഥമാണ്. അതാണ് സി.കെ.സി സാറിന്റെ മഹത്വം.
ശിഷ്യരിൽ സാഹിത്യവാസനയുടെ സ്ഫുലിംഗങ്ങൾ ഉണ്ടെങ്കിൽ അവയെ കണ്ടെത്താനും അവയെ പ്രോത്സാഹിപ്പിച്ച്, പരിപോഷിപ്പിച്ച് വളർത്തിയെടുക്കാനും സി.കെ.സി സാർ കാണിച്ച താല്പര്യവും ഉല്സാഹവും പ്രത്യേക പരാമർശം അർഹിക്കുന്നു. അല്പസ്വല്പ്പം കവിതകൾ ഞാനും കുത്തിക്കുറിക്കാറുണ്ട്, സുഹൃത് വലയങ്ങളിൽ അവതരിപ്പിച്ച് കയ്യടികൾ നേടാറുമുണ്ട്. പക്ഷെ, സി.കെ.സി സാറില്ലായിരുന്നെങ്കിൽ, ഒരു 11 വയസ്സുകാരന്റെ മനസ്സിലെ കൊച്ചു കവിതാവാസന ആരും അറിയാതെ, വളവും വെള്ളവുമില്ലാതെ വാടിയുണങ്ങിവീണ ഒരു ചെടിയുടെ അവസ്ഥയിൽ ആയിപ്പോയേനെ. ആ വ്യക്തിപരമായ താല്പര്യത്തിനു മുന്നിൽ ഞാൻ കൃതജ്ഞതാപൂർവ്വം നമ്രശിരസ്കനാകുന്നു.
മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ മൂന്നു ഭാഷകളിലും ബിരുദാനന്ദ ബിരുദമുള്ള സി.കെ.സി സാറിനുഭാഷയിൽവ്യുത്പത്തിയുണ്ടായിരുന്നു എന്ന് മാത്രമല്ല, വിശ്വക്ലാസിക്കുകളും ലോകോത്തര സഹിത്യകൃതികളും പരിചിതമായിരുന്നു. 'ആ സാഹിത്യോത്തമാന്മാരുടെ കവനരീതികളും കല്പനാവൈഭവങ്ങളും അദ്ദേഹം ഞങ്ങൾക്ക് പരിചയപ്പെടുതിയിട്ടുണ്ട്. സിലബസ്സിലുള്ളതും പഠിപ്പിക്കേണ്ടതുമായ വിഷയങ്ങൾ മാത്രം പഠിപ്പിച്ച് പോകുന്ന സാധാരണ അദ്ധ്യാപകരിൽനിന്നും സി.കെ.സി സാറിനെ വേറിട്ടു നിർത്തുന്ന പ്രത്യേകതകളാണ് ഇതൊക്കെ. അതുപോലുള്ള മഹാഗുരുക്കൾ ഇക്കാലത്ത് അധികം ഇല്ല എന്നതാണ് ദുഖകരമായ വസ്തുത.

No comments:
Post a Comment