Thursday, November 26, 2015


ഒരു ചന്ദ്രയോഗം

 മൂസാ എ. ബേക്കര്‍




കാലം, 1948-51, വെറും മൂന്ന്
 വിദ്യാഭ്യാസവര്‍ഷം, സ്ഥലം, ഒരു പഴയ, വലിയ വിദ്യാലയം. വൈക്കത്തമ്പലത്തിന്റെ തെക്കേ നടയില്‍; പേര്, സര്‍ക്കാര്‍ ഹൈസ്‌കൂള്‍ ആവശ്യം, ഇപ്പോഴത്തെ എസ്.എസ്.എല്‍.സി. യുടെ സ്ഥാനത്തുണ്ടായിരുന്ന 'ഈ എസ്.എല്‍.സി.' പരീക്ഷയില്‍ (4+4+3) കടന്നുകൂടി, സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
ഡോ. സി.കെ.ചന്ദ്രശേഖരന്‍ നായരായി തീര്‍ന്ന ചന്ദ്രനും, ഡോ.മൂസാ എ. ബേക്കറായി തീര്‍ന്ന ഞാനും കണ്ടുമുട്ടുന്നു, അടുക്കുന്നു, സ്‌നേഹിതന്മാരാകുന്നു. വ്യാകരണത്തെറ്റും അക്ഷരതെറ്റും കൂടെ കൊണ്ടുനടന്ന എനിക്ക് ഇതു രണ്ടുമില്ലാത്ത ഒരു സുഹൃത്തിനെ കിട്ടി; ഞാന്‍ ഭാഗമായി കരുതി. ഭാഷകളുടെ കാര്യത്തിലെന്നു മാത്രമല്ല ഇതര പല വിഷയങ്ങളിലും ഞാന്‍ വെറും ശരാശരി ആയിരുന്നു. 
ചന്ദ്രനില്‍ വ്യക്തിഗത ഗുണങ്ങളും ബുദ്ധിപരമായ കഴിവുകളും ഏറെയുണ്ടായിരുന്നത് ഞങ്ങളുടെയെല്ലാം നല്ലതിനായിരുന്നു. കിട്ടിയല്ലോ ഒരു 'മാതൃകാ വിദ്യാര്‍ത്ഥിയെ' സഹായിയേ; ചിരിപ്പിക്കാനും കളിപ്പിക്കാനും കൂടി അറിയുന്ന ഒരാളെത്തന്നെ?
ചന്ദ്രന്‍ എന്റെ കാര്യത്തിലെന്നപോലെ വേറെയും പലരുടേയും പഠനകാര്യങ്ങളിലും സഹായിച്ചുകൊണ്ടിരുന്നു. ആര്‍ക്കും ചന്ദ്രനോട് ഒന്നിലും എതിര്‍പ്പില്ല; ചന്ദ്രന്‍ പറഞ്ഞാല്‍ അനുസരിക്കാനേ കഴിയൂ. അങ്ങനെ ചന്ദ്രന്‍ ഞങ്ങളുടെയിടയില്‍ രാജാവായി തന്നെ കഴിഞ്ഞു. ആരുടേയും ഒരുതരം അപ്രീതിയും  സമ്പാദിക്കാതെയും സ്വന്തം അദ്ധ്യാപകരുടെ കണ്ണിലുണ്ണികൂടി ആയും.
വേമ്പനാട്ടുകായലിന്റെ മറുകരയില്‍ നിന്നും (പള്ളിപ്പുറം, ചേര്‍ത്തല താലൂക്ക്) ഇക്കരയിലേയ്ക്ക് കടത്തും മറ്റും കടന്ന്,  മഴയേയും കാറ്റിനേയും വെള്ളപ്പൊക്കത്തെപ്പോലും അവഗണിച്ച്, നിത്യേന ഞങ്ങളുടെ സ്‌കൂളില്‍ വന്നുകൊണ്ടിരുന്ന ചന്ദ്രന്‍, ഞങ്ങള്‍ക്കെല്ലാം ശരിക്കുമൊരു മാതൃകയായിരുന്നു. ഞങ്ങളുടെ പെരുമാറ്റങ്ങളും വികൃതികളും കൂടി ചന്ദ്രന്‍ തിരുത്തിത്തരുമായിരുന്നു. ഞങ്ങളുടെ പല ചിത്രങ്ങളും 'ചരിത്ര'ങ്ങളും സ്വന്തം മനസ്സില്‍ സൂക്ഷിച്ചുകൊണ്ടാണ് സ്‌കൂളില്‍ നിന്നു ചന്ദ്രന്‍ പുറത്തു പോയത്.
ചന്ദ്രന് എനിക്കാരായിരുന്നുവെന്നതിന് ഒരു അനുഭവം തന്നെ പറയാം. സര്‍ക്കാരിലെ ഒരു ചെറിയ ഉദ്യോഗസ്ഥനായിരുന്നു എന്റെ പിതാവ്. അദ്ദേഹത്തിന് സ്ഥലം മാറ്റം പോലുള്ള സര്‍ക്കാര്‍ 'ക്രൂരത'കളും കുറേ അനുഭവിക്കേണ്ടിവന്നു. പിതാവിന് സ്ഥലംമാറ്റം കിട്ടുമ്പോഴെല്ലാം, ഞാനാകും വീട്ടിലെ കാരണവര്‍; സഹോദരങ്ങള്‍ മാത്രമല്ല സ്വന്തം അമ്മയും എെന്റ നിയന്ത്രണത്തില്‍ ! അച്ചന്റെ ശമ്പളം മണിയോര്‍ഡറായി എന്റെ പേരില്‍ സ്‌കൂള്‍ മേല്‍വിലാസത്തിലാണ് വരുക. വീട്ടിലേയ്ക്കാവശ്യമായ സാധനങ്ങളെല്ലാം കടയില്‍ പോയി വാങ്ങിക്കൊണ്ടു വരുന്നതും ഞാനായിരുന്നു ; കാശ് കൊടുത്തും കടമായും!
കുടുംബത്തിലെ സാമ്പത്തിക ഞെരുക്കം മൂലം, ഇതിന് മുമ്പ് ചെയ്തിട്ടുള്ളതുപോലെ, ഒരു ദിവസം ഞാന്‍ സ്‌കൂളിലേയ്ക്ക് പോയത് അമ്മയുടെ ഒരു മാലയുമായിട്ടാണ്. ക്ലാസ്സില്ലാത്ത സമയം നോക്കി, ബാങ്കില്‍ പോയി, മാല പണയം വെച്ച് പണവുമായി വീട്ടിലെത്തണമായിരുന്നു. അത്തരം ഒരു അടിയന്തരമായ ആവശ്യം വീട്ടിലുണ്ടായിരുന്നു. എന്നാല്‍ അങ്ങനെ സ്‌കൂളിലേയ്ക്ക് പോയ എന്റെ പക്കല്‍ നിന്നും മാല വഴിയിലെവിടേയോ കളഞ്ഞുപോയി.
ഞാന്‍ തികച്ചും പരവശനും എന്തുചെയ്യണമെന്ന് അറിയാത്തവനുമായി ക്ലാസ്സിലിരുന്നു. മനസ്സ് നീറുന്നു, വീട്ടില്‍ മടങ്ങിയെത്തിയാലുള്ള ദൃശ്യം മുന്നില്‍ കാണുന്നു. ഭയവും വിറയലും കൂടുന്നതുപോലെ തോന്നി. ഞാനിരുന്ന ബെഞ്ചിന്റെ അങ്ങേ അറ്റത്തിരുന്ന ചന്ദ്രന്‍ വയര്‍ലസ്സില്‍ എന്നതുപോലെ എെന്റ വിഷമം മനസ്സിലാക്കിയ മട്ടില്‍, ഒരു ക്ലാസ്സ് തീര്‍ന്ന് അദ്ധ്യാപകന്‍ പുറത്തുപോയതോടെ എന്റെ അടുത്തേയ്ക്ക് വന്നു. 'നിനക്കെന്തുപറ്റിയെടാ? എന്താ കാര്യം ? ' ചോദ്യത്തില്‍ പ്രതിഫലിച്ച ആധികാരികതയുടെ പേരില്‍ എന്റെ കരച്ചില്‍ അണപൊട്ടി ഒഴുകി.
അന്ന് ചന്ദ്രനാണ് എന്നെ വീട്ടിലേയ്ക്ക് കൂട്ടികൊണ്ടുപോയത്. അമ്മയെ സമാധാനിപ്പിച്ചതും ചന്ദ്രന്‍......അവസാനം അമ്മ, ചന്ദ്രനെ നല്ല വാക്കു പറഞ്ഞ് അനുഗ്രഹിച്ചു യാത്രയാക്കി. ഒന്നു രണ്ടു ദിവസത്തിന്‌ശേഷം ചന്ദ്രന്‍ ഈ സംഭവത്തെ മുന്‍നിര്‍ത്തി ഒരു കവിതയെഴുതി എനിക്ക് തന്നു....'അമ്മയ്ക്കു തൃപ്തിയായി'.
ഇത്രയധികം സ്‌നേഹവും കൂറും പരസ്പരം പുലര്‍ത്തി വന്ന ഞങ്ങള്‍ 1951 ല്‍ തന്നെ വേര്‍പിരിഞ്ഞു. ഞങ്ങള്‍ക്കുണ്ടായിരുന്നത് രണ്ടു വഴികളായിരുന്നു.  അതും രണ്ടുതരം. ഞാന്‍ എറണാകുളത്തെ തേവരകോളേജില്‍; ഇന്റര്‍മീഡിയേറ്റിന് ചേരാന്‍ ശ്രമിക്കുമ്പോള്‍ ചന്ദ്രന്‍ കൂടെ ഉണ്ടായിരുന്നു. അതിനുശേഷം ഞങ്ങള്‍ രണ്ടുപേരും രണ്ടായി; മാത്രമല്ല, രണ്ടു തരത്തില്‍ ഞങ്ങളുടെ ജീവിതം കൊണ്ടുപോയി.
എനിക്ക് തോന്നുന്നു, ഞങ്ങള്‍ രണ്ടുപേരും രണ്ടു തരക്കാരായിരുന്നുവെന്നത് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും അറിയാമായിരുന്നുവെന്ന്. ചന്ദ്രന് ജീവിതത്തില്‍ അടക്കവും, ഒതുക്കവും, വ്യക്തതയും അച്ചടക്കവും പാലിക്കാനറിയാമായിരുന്നു. എനിക്കതൊന്നും വേണ്ടത്ര ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. ജീവിതത്തില്‍ കുറെ അതിമോഹങ്ങള്‍ വളര്‍ത്തിയെടുക്കുകയും ഞാന്‍ ചെയ്തിരുന്നു; പല കാര്യങ്ങളില്‍ ഇടപെട്ടും, പലതരക്കാരുമായി സമ്പര്‍ക്കമുണ്ടാക്കിയും പലതരം ആളുകളുടെ ജീവിതത്തിലേയ്ക്ക് നോക്കിയും നടക്കാന്‍ പോകാത്ത പലതും നടക്കുമെന്നു കരുതി മനക്കോട്ട കെട്ടാന്‍ ഞാന്‍ 'മിടുക്ക'നുമായിരുന്നു.  
ചന്ദ്രന് ജീവിതം മുന്നോട്ട് നയിക്കാന്‍ ശരിയായ പരിശ്രമങ്ങള്‍ കൊണ്ട് സാധിക്കുമെന്നും, സാധിക്കണമെന്നും അറിയാമായിരുന്നു. ഞാനാകട്ടെ അതുമാത്രം മതിയാകുമെന്നോ, അത് മാത്രം കൊണ്ട് എല്ലാം നേടാനാകു മെേേന്നാ വിശ്വസിച്ചില്ലായിരുന്നു. എനിക്ക് എല്ലാത്തരം വൈവിധ്യങ്ങളോടും അനുഭവങ്ങളോടും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍, എന്തെങ്കിലും ആഭിമുഖ്യം വെച്ച് പുലര്‍ത്താന്‍ വലിയ പ്രയാസമുണ്ടായിരുന്നില്ല. പരമാവധി അറിവും കഴിവും നേടി, ജീവിതത്തിലെ വിജയത്തിന് ശ്രമിക്കാന്‍ ചന്ദ്രന് കഴിയുമായിരുന്നെങ്കില്‍ എന്റെ താല്‍പര്യങ്ങള്‍ മാറി മാറി വന്നു.
കാലം കുറേ കഴിഞ്ഞപ്പോള്‍, ഞങ്ങള്‍ എത്തിയതാകട്ടെ, ഏതാണ്ട് ഒരേ തരം സ്ഥാനങ്ങളില്‍, ഒരേ തരം തൊഴില്‍ ചെയ്യുന്നവരായി. എന്നേക്കാള്‍ കൂടുതല്‍ കഴിവും പാണ്ഡിത്യവും മറ്റും ചന്ദ്രന്. സ്വന്തം പ്രവര്‍ത്തന രംഗത്ത് സമ്പാദിക്കാനായി. എനിക്ക് കുറേയധികം പരിചയാദികളും; വിദ്യാര്‍ത്ഥി നേതാവ്, രാഷ്ട്രീയക്കാരന്‍, അദ്ധ്യാപകന്‍, ഭരണക്കാരന്‍ വലിയവരെ വെല്ലുവിളിക്കുന്നവന്‍ അങ്ങനെ ഇങ്ങനെ. ചന്ദ്രനെപ്പോലെ ഞാനും പഠിച്ചു. 'എഴുത്തും' നടത്തി.....

No comments:

Post a Comment

അനുസ്മരണം

അനുസ്മരണം