ഞാനിന്നും സി.കെ.സി.സാറിന്റെ മലയാളം ക്ലാസില്‍
മേജര്‍ ജനറല്‍ (റിട്ട)
കെ.എസ്. വേണുഗോപാല്‍
സി.കെ.സി സാറിന്റെ വിയോഗത്തിന് ഒരു വര്‍ഷം തികയുകാണ്. 2012 ല്‍ ഞാന്‍ കേരള - കര്‍ണ്ണാടക സബ്ബ് ഏരിയയുടെ ജി.ഒ.സി (ജനറല്‍ ഓഫീസര്‍ കമാന്റിങ്ങ്) ആയിരിക്കുമ്പോഴാണ് അവസാനമായി പാണാവള്ളിയിലുള്ള വീട്ടില്‍ ചെന്ന് സാറിനെ കാണുന്നത്. അന്ന് ഞങ്ങള്‍ ഒരുപാടു നേരം സംസാരിച്ചു. സാറിന് ഏറ്റവും ഇഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നല്ലോ ഞാന്‍. സൈനിക സ്‌കൂളില്‍ മലയാളത്തില്‍ എഴുതാനും, വായിക്കാനും, സംസാരിക്കാനും മിടുക്കരായ വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഞാന്‍. അതുകൊണ്ടുതന്നെ ഹയര്‍ സെക്കന്ററിയില്‍ എനിക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയതും മലയാളത്തിനായിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സാറന്മാരില്‍ ഒരാള്‍ സി.കെ.സി സാറായിരുന്നു.
സാറിന്റെ ക്ലാസ്സില്‍ മലയാളത്തില്‍ മാത്രം സംസാരിക്കണെമെന്ന് നിര്‍ബന്ധമായിരുന്നു. ഇംഗ്ലീഷ്മീഡിയത്തില്‍ പഠിക്കുന്നതുകൊണ്ട് നമ്മള്‍ അിറയാതെ ഇംഗ്ലീഷ് വാക്കുകള്‍ വന്നുപോകും. അതിന് സാര്‍ ഫൈന്‍ ഇടുമായിരുന്നു. മിക്കവാറും എല്ലാവര്‍ക്കും തെറ്റുപറ്റും. ഞങ്ങളില്‍ ചിലര്‍ മാത്രം സ്ഫുടമായി മലയാളത്തില്‍ മാത്രം സംസാരിക്കും. എനിക്ക് ഒരിക്കല്‍പോലും ഫൈന്‍ കൊടുക്കേണ്ടിവന്നിട്ടില്ല.
അന്ന് ട്രിപ്പിള്‍ എം.എ യുള്ളത് സി.കെ.സി സാറിന് മാത്രമായിരുന്നു. സാറിന്റെ ഭാഷാനൈപുണ്യം ഞങ്ങളെ വായിക്കാന്‍ ഒരുപാട് പ്രോത്സാഹിപ്പിച്ചു. സൈനിക് സ്‌കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങളെല്ലാം വായിച്ചു തീര്‍ക്കണമെന്നാണ് സാറ് പറഞ്ഞത്. അങ്ങനെയാണ് ഒമ്പതാം ക്ലാസ്സിലും പത്താം ക്ലാസ്സിലും പഠിക്കുമ്പോള്‍ ഞങ്ങളില്‍ പലരും എം.ടി യുടെ എല്ലാ നോവലുകളും തിരഞ്ഞെടുത്ത കഥകളും വായിച്ചിട്ടുണ്ട്.ഞാന്‍ പിന്നീടൊരിക്കല്‍ എം.ടി യുടെ കോഴിക്കോടുള്ള വീട്ടില്‍ വെച്ച് ഇത് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് വിശ്വസിക്കാനായില്ല. കാരണം പട്ടാളചിട്ടകള്‍ പഠിപ്പിക്കുന്ന ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മലയാളത്തില്‍ ഇത്രയും പ്രാധാന്യമോ? ഡോ.സി.കെ.സി നായര്‍ എന്ന സാറിനെപ്പറ്റി പറഞ്ഞപ്പോഴാണ് എം.ടിക്ക് ഇതിന്റെ സാദ്ധ്യതയെകുറിച്ച് മനസ്സിലായത്.
സി.കെ.സി സാര്‍ എപ്പോഴും ഞങ്ങളുടെ കൂടെയുണ്ടാകുമായിരുന്നു. സാറിനെക്കാളുപരി, ഒരച്ഛന്റെ സ്‌നേഹവും വാത്സല്യവുമാണ് അദ്ദേഹത്തില്‍ നിന്ന് ഞങ്ങള്‍ക്ക് കിട്ടിയത്. സാധാരണ കുടുംബങ്ങളില്‍ ജനിച്ചുവളര്‍ന്ന ഭൂരിഭാഗം കുട്ടികള്‍ക്ക് താങ്ങും തണലുമായി സാര്‍ നിലകൊണ്ടു. പലപ്പോഴും നമ്മുടെ മാതാപിതാക്കന്മാരുടെ ബുദ്ധിമുട്ടുകളും പ്രാരാബ്ധങ്ങളും മനസ്സിലാക്കുകയും അവരെ പിരിഞ്ഞ് ബോഡിങ്ങില്‍ താമസിക്കുന്ന ചെറിയ കുട്ടികളെ സമാധാനിപ്പിക്കാനും സാറെപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നു. എന്റെ കാര്യങ്ങളില്‍ സാറെപ്പോഴും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നെയുംകൊണ്ട് തിരുവനന്തപുരം ആകാശവാണിയില്‍ പ്രോഗ്രാമിനായി രണ്ടു പ്രാവശ്യം പോയത് ഞാനോര്‍ക്കുന്നു. അന്ന് ഞാന്‍ എട്ടാം ക്ലാസ്സില്‍ വെച്ചെഴുതിയ ഒരു ചെറുകഥ പ്രക്ഷേപണം ചെയ്യാനും മറ്റൊരിക്കല്‍ ഒരു മലയാളം നാടകത്തില്‍ അഭിനയിക്കാനും. രണ്ടുപ്രാവശ്യവും എന്നെക്കാള്‍ സന്തോഷം സാറിനായിരുന്നു.
പട്ടാളജീവിതത്തില്‍ ഞാന്‍ ഓരോപടിവെച്ച് മുന്നോട്ടു പോകുമ്പോള്‍ സാറിന്റെ അഭിനന്ദനങ്ങള്‍ എനിക്ക് കിട്ടിക്കൊണ്ടേയിരുന്നു. സാറിന്റെ ഒരു വിദ്യാര്‍ത്ഥിക്ക് കിട്ടിയ അഭിവൃദ്ധിയില്‍ സാര്‍ എപ്പോഴും സന്തോഷിച്ചിരുന്നു. കൂടാതെ ഞാന്‍ കാശ്മീരില്‍ ജോലി ചെയ്തിരുന്ന സമയത്ത് തന്ന പല ഉപദേശങ്ങളും വളരെയധികം ഗുണം ചെയ്തിട്ടുണ്ട്. പ്രത്യേകിച്ചും ഞാന്‍ എന്റെ ബറ്റാലിയന്റെ കമാന്റിങ്ങ് ഓഫീസര്‍ ആയിരുന്നപ്പോള്‍.
സി.കെ.സി സാര്‍ മരിച്ചിട്ട് ഒരു വര്‍ഷമായി എന്നാലോചിക്കാന്‍ പോലും കഴിയുന്നില്ല. ഇപ്പോഴും സാറിന്റെ മലയാളം ക്ലാസ്സില്‍, സൈനിക് സ്‌കൂളില്‍ സന്തോഷപൂര്‍വ്വം ഇരിക്കുന്നതുപോലെയാണ് തോന്നുന്നത്. ജീവിതകാലം കഴിഞ്ഞാലും സാറിനെക്കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ എന്റെ കൂടെയുണ്ടായിരിക്കും.
എന്റെ ഗുരുനാഥന്‍
ജി.വാസുദേവന്‍നായര്‍
.ഡോ.സി.കെ.ചന്ദ്രശേഖരന്‍ നായര്‍ സാറിന്റെ വിയോഗം ഇപ്പോഴും അവിശ്വസനീയമായി അനുഭവപ്പെടുകയാണ്. ഭാഷാപരമായും സാഹിത്യപരമായും ഉണ്ടാകുന്ന സംശയങ്ങള്‍ നിവൃത്തിക്കുന്നതിന് ഇനിയാരുമില്ല നമ്മുടെനാട്ടില്‍. പണ്ഡിതനും സാഹിത്യവിചക്ഷണനും അദ്ധ്യാപകവരേണ്യനുമായ അദ്ദേഹത്തിന്റെ വില ഇപ്പോഴാണറിഞ്ഞത്. എങ്കിലും അര്‍ഹിക്കുന്ന അംഗീകാരമോ പദവിയോ ആ മഹദ് വ്യക്തിത്വത്തിന് ലഭിച്ചിട്ടില്ല എന്നത് ഖേദകരമാണ്.
എന്റെ ഗുരുനാഥനാണദ്ദേഹം. ഔപചാരിക വിദ്യാഭ്യാസം അദ്ദേഹത്തില്‍ നിന്നു ലഭിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. എങ്കിലും അദ്ദേഹത്തെ എന്റെ ഏറ്റവും അഭിവന്ദ്യനായ ഗുരുവായി ഞാനംഗീകരിച്ചു. കുടുംബങ്ങള്‍ തമ്മില്‍ ബന്ധമുണ്ടായതുകൊണ്ടാകാം ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ സ്‌നേഹവാത്സല്യങ്ങളോടെയാണ് അദ്ദേഹം എന്നോടു പെരുമാറിയിട്ടുള്ളത്.
ഞങ്ങളുടെ തൊട്ടുവടക്കേ വീട്ടില്‍ വെളിമഠത്തില്‍ ആയിരുന്നു സാറിന്റെ മൂത്ത ഒരു സഹോദരി താമസിച്ചിരുന്നത്. അകന്ന ഒരമ്മാവന്‍ - ശിവരാമന്‍ നായരാണ് അവരുടെ ഭര്‍ത്താവ്. ദേവകി അമ്മായിയുടെ ആങ്ങള എന്ന നിലയിലാണ് ആറുദശാബ്ദങ്ങള്‍ക്കപ്പുറം സാറിനെ എനിക്കു പരിചയം.
സാറിന് പത്തൊമ്പതാമത്തെ വയസ്സില്‍ ജോലികിട്ടി ഹിന്ദി അദ്ധ്യാപകനായി. ഒറ്റപ്പുന്നയിലുള്ള വീട്ടില്‍ നിന്ന് തൈക്കാട്ടുശ്ശേരി - തുറവൂര്‍ ഭാഗത്തേയ്ക്കു വാഹനസൗകര്യമൊന്നുമുണ്ടായിരുന്നില്ല അക്കാലത്ത്. കാല്‍നട മാത്രമേ സാധ്യമായിരുന്നുള്ളൂ. നടന്നുപോകാന്‍ ദൂരക്കൂടുതലുള്ളതുകൊണ്ട് എളുപ്പത്തിന് സാര്‍ വെളീമഠത്തില്‍ താമസമാക്കി. സ്‌നേഹത്തോടും വാത്സ്യലത്തോടും കൂടിയുള്ള സാറിന്റെ പെരുമാറ്റം എന്നെ സാറിനോടു കൂടുതല്‍ അടുപ്പിച്ചു
കൂടാതെ, തൈക്കാട്ടുശ്ശേരി എസ്.എം.എസ്.ജെ ഹൈസ്‌കൂളില്‍ ഞാന്‍ പഠിക്കുമ്പോള്‍ സാര്‍ തൊട്ടടുത്തു ഗവ. മിഡില്‍ സ്‌കൂളില്‍ അദ്ധ്യാപകനായിരുന്നു. പ്രൈവറ്റ് സ്‌കൂളും ഗവ. സ്‌കൂളും തമ്മില്‍ ഒരു വരാന്തയുടെ അകലം മാത്രം. എപ്പോഴും തമ്മില്‍ കാണാനും അവസരമുണ്ടായി. സെക്കന്റ് ഫോറത്തില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ ക്ലാസ് മീറ്റിംഗിന് സാറിനെ അദ്ധ്യക്ഷനായി ക്ഷണിച്ചു; വന്ന് പ്രസംഗിക്കുകയും ചെയ്തു. അയല്‍വാസിയെന്നതിലുപരി ഒരു പരിചയം നേടാന്‍ കഴിയുകയുമുണ്ടായി അതുമൂലം.
ആയിടെ ഗോവിന്ദന്‍ പോറ്റി എന്ന സഹപാഠിയുമായി ചേര്‍ന്ന് ബാലകല എന്ന പേരില്‍ ഒരു കൈയെഴുത്തു മാസിക പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. സാറിന്റെ കവിതയും പിന്നെ കോളേജില്‍ പഠിക്കുമ്പോള്‍ പ്രൊഫ. ഹരീന്ദ്രനാഥക്കുറിപ്പിന്റെ കവിതയും പിന്നീട് വാര്‍ഷികപ്പതിപ്പില്‍ വയലാര്‍ രാമവര്‍മ്മയുടെ കവിതയുമൊക്കെ പ്രസിദ്ധീകരിക്കാന്‍ അവസകരമുണ്ടായി.
വയലാര്‍ രാമവര്‍മ്മയുടെ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒരു കവിതയാണ് ഇത് എന്നാണ് എന്റെ നിഗമനം.
ഒരുമ്മ
'കാലമുഷസ്സിന്റെ നാട്ടിലെ മാണിക്യ-
മാലയുമായ്മണിത്തേരിലെത്തീടവേ
രോമവര്‍ഷങ്ങള്‍ തന്‍ ഹംസങ്ങള്‍ നീന്തുന്ന
മാമലനാട്ടിന്‍ മനസ്സിന്‍ യമുനയില്‍
ബാലകലേ നിന്റെ മുഗ്ധമാം താമര-
ത്താലം വിടരാവുമന്ദസ്മിതാര്‍ദ്രമായി
എന്നിലെ ചിന്തകള്‍ തുമ്പികളെപ്പോലെ
വന്നുമ്മ വയ്ക്കുന്നു നിന്നിതള്‍ക്കുമ്പിളില്‍'
എന്റെ സാഹിത്യപരിശ്രമങ്ങള്‍ തുടങ്ങിയതു കൈയെഴുത്തു മാസികാ പ്രവര്‍ത്തനങ്ങളിലൂടെയാണ്. സാര്‍ ഗവ. സ്‌കൂളില്‍ നിന്ന് സൈനിക സ്‌കൂളിലേക്കു പോയെങ്കിലും നാട്ടില്‍ വരുമ്പോള്‍ സന്ദര്‍ശിക്കുമായിരുന്നു. ദേവകി അമ്മായി സാറിന്റെ വിശേഷങ്ങള്‍ അറിയിച്ചുകൊണ്ടിരുന്നു.
'ഗീതാഞ്ജലി വിവര്‍ത്തനം' ചെയ്തപ്പോള്‍ അതു സാറിനെക്കൊണ്ടു തെറ്റുതിരുത്തിക്കാന്‍ കഴക്കൂട്ടം സൈനിക സ്‌കൂളില്‍ പോയിരുന്നു. സാറിന്റെ മൂത്തമകള്‍ രമ, രശ്മി, രതീഷ് ഇവരൊക്കെ അവിടെ വിദ്യാര്‍ത്ഥികളായിരുന്നു അപ്പോള്‍. ഗീതാഞ്ജലി എന്‍.ബി.എസ്സില്‍ കൂടി പുറത്തുവന്നു.
2011-ല്‍ ശയനപ്രദക്ഷിണം എന്ന എന്റെ കൃതിക്കാണ് സാര്‍ പ്രൗഢമായ ഒരു അവതാരിക എഴുതിത്തന്നത്. എന്റെ എല്ലാ സൃഷ്ടികളും സാര്‍ വായിച്ചു തിരുത്തിത്തന്നിട്ടുണ്ട്.
സാറിന്റെ 77-ാം പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത് ഞങ്ങള്‍ ആയിരുന്നു. പള്ളിപ്പുറം പരമേശ്വരക്കുറുപ്പ് അങ്ങനെ ഒരു ആഗ്രഹം പറയുകയും സാറിന്റെ അഭ്യുദയകാംക്ഷികളെ കൂടി പങ്കെടുപ്പിച്ച് അതുവളരെ ഭംഗിയായി നടത്താന്‍ കഴിയുകയും ചെയ്തു. എന്നതില്‍ ഞങ്ങള്‍ക്ക് അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്.
എന്‍.എസ്.എസിന്റെ മുഖപത്രമായ സര്‍വീസില്‍ പ്രസിദ്ധീകരിച്ച കുറെക്കവിതകള്‍ പുസ്തകമാക്കാന്‍ സാറിന്റെ നിര്‍ദ്ദേശമാണ് കാരണം. കൈയെഴുത്തു പ്രതി തിരുത്താന്‍ ഏല്പിച്ചിരുന്നു. തിരുത്തിയതു മടക്കി വാങ്ങാനെത്തിയപ്പോള്‍ അതു കണ്ടെത്തിയില്ല. എന്നാല്‍ പിന്നീട് സാര്‍ അതു കൊടുത്തയയ്ക്കുകയായിരുന്നു. ഉടന്‍ പ്രസ്സില്‍ കൊടുത്തു. കവര്‍ പ്രിന്റ് ചെയ്തു സാറിനെ കാണിക്കാന്‍ എത്തിയപ്പോള്‍ സാര്‍ ശയ്യാവലംബിയായിരുന്നു. കാണാന്‍ കഴിഞ്ഞില്ല. അതില്‍ അതീവ ദു:ഖമുണ്ട്. അദ്ദേഹത്തിന്റെ തിരോധാനം വ്യക്തിപരമായി ഒരു വലിയ നഷ്ടമാണെനിക്ക്. ആ സ്‌നേഹവാത്സല്യങ്ങള്‍ക്ക് പാത്രമാവാനിനി കഴിയില്ലല്ലോ!
ഞാന്‍ അറിയുന്ന
ചന്ദ്രന്‍ സാര്‍
കെ.എസ്.രഘുനാഥ്, പാണാവള്ളി
'ചന്ദ്രന്‍സാര്‍' എന്ന വ്യക്തിയെ ഒരു പരമിതമായ കാലഘട്ടം മുതലാണ് എനിക്ക് അടുത്തറിയുവാന്‍ കഴിഞ്ഞിട്ടുള്ളത്. ഞങ്ങള്‍ അടുത്ത നാട്ടുകാരായിരുന്നെങ്കിലും എനിക്ക് അദ്ദേഹവുമായി മുമ്പ് വളരെയൊന്നും ഇടപെടേണ്ടി വന്നിട്ടില്ല.
1957-ല്‍ എന്റെ വിദ്യാഭ്യാസത്തിന് ശേഷം ഒരു പ്രത്യേക രാഷ്ട്രീയപാര്‍ട്ടിയുടെ പരിപാടികളില്‍ ആകൃഷ്ടനായി അതിന്റെ പ്രചാരണത്തിനുവേണ്ടി പരിശ്രമിച്ച് നടക്കുന്ന ഒരു സന്ദര്‍ഭത്തില്‍ ഞാനും എന്റെ ചില പ്രവര്‍ത്തകരുമായി ഒരു പണപിരുവിനായി വീടുകള്‍ തോറും കയറി ഇറങ്ങവെ അദ്ദേഹത്തിന്റെ വീട്ടിലും കയറുന്നതിനിടയായി. അപ്പോള്‍ വീട്ടിലുണ്ടായിരുന്നഒരു പാര്‍ട്ടി പ്രവര്‍ത്തകനാണ് വിശദവിവരങ്ങള്‍ പറയുന്നത്. അന്ന് അദ്ദേഹം തൈക്കാട്ടുശേരി യു.പി.സ്‌കൂളില്‍ അദ്ധ്യാപകനാണ്.
ഞങ്ങളെ സ്വീകരിച്ചിരുത്തിയ അദ്ദേഹം ഞങ്ങളുടെ ആഗമനോദ്ദേശം ചോദിച്ചറിഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേകിച്ച് ഒരു അനുഭാവവും ഇല്ലായിരുന്ന അദ്ദേഹം ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റിയും അതിന്റെ ഭാവിയെപ്പറ്റിയും പ്രവര്‍ത്തനങ്ങളെപ്പറ്റിയും വിശദമായി ചോദിച്ച് മനസ്സിലാക്കി. ഒരു ചെറിയ തുക സംഭാവന തന്നതിനുശേഷം ഞങ്ങളെ യാത്രയാക്കുകയും ചെയ്തു. അദ്ദേഹവുമായിട്ടുള്ള ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു അത്.
പിന്നീട് കുറെക്കാലത്തിന് ശേഷം അദ്ദേഹത്തിന്റെ ചില ശിഷ്യന്മാരില്‍ നിന്നുമാണ് ശേഷം കാര്യങ്ങള്‍ മനസ്സിലാക്കുന്നത്. അങ്ങിനെയാണ് പിന്നീട് അദ്ദേഹം തുറവൂര്‍ സ്‌കൂളിലേക്ക് മാറിയെന്നും, വീണ്ടും കലവൂര്‍ ഒരു സ്‌കൂളില്‍ ആയെന്നും അതിന് ശേഷം ചേര്‍ത്തല ഗവ. സ്‌കൂളില്‍ ടീച്ചര്‍ ആയെന്നും അിറയുന്നത്. ഇക്കാലത്താണ് തിരുവനന്തപുരത്ത് ഒരു സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി ഞാന്‍ നാടുവിടുന്നത് എന്നാണെന്റെ ഓര്‍മ്മ. അല്പസ്വല്പം രാഷ്ട്രീയ പ്രവര്‍ത്തനവും സുന്ദരസ്വപ്നങ്ങളുമായി നാട്ടില്‍ കഴിഞ്ഞിരുനന എനിക്ക് അത്തരുണത്തില്‍ നാടുവിടുകയെന്നുള്ളത് അല്പം അസഹ്യമായി തോന്നിയിരുന്നു എങ്കിലും ഭാവിഭാഗധേയങ്ങളെ പറ്റി ചിന്തിച്ചപ്പോള്‍ മുന്‍പറഞ്ഞ പല സുന്ദരസ്വപ്നങ്ങളെയും ഉപേക്ഷിച്ച് തിരുവനന്തപുരത്തിന് പോരേണ്ടതായി വന്നു. ഒരു രാഷ്ട്രീയപ്രവര്‍ത്തകന് ജീവിതത്തിലെ ചില പ്രത്യേക ഘട്ടങ്ങളില്‍ പ്രിയപ്പെട്ടതെല്ലാം ഉപേക്ഷിക്കേണ്ടിവരും. ആ ത്യാഗ മന:സ്ഥിതി ഇല്ലാത്തവന് ഒരിക്കലും അവന്റെ മുമ്പോട്ടുള്ള പ്രയാണത്തില്‍ ഒരു സംതൃപ്തിയും ഉണ്ടായിരിക്കുമെന്ന് തോന്നുന്നില്ല. തകര്‍ന്ന ആഗ്രഹങ്ങളുടേയും ഒരു പിടി പ്രതീക്ഷകളുടേയും ഒരു ശവകൂമ്പാരമാകാന്‍ എന്റെ ജിവിതത്തെ ഞാന്‍ ഒരിക്കലും അനുവദിച്ചില്ല.
എന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ ഇടക്കെന്നോ നാട്ടില്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞെന്നും അറിയാനിടയായി. അതിനിടയില്‍ അദ്ദേഹത്തിന് കഴക്കൂട്ടം സൈനിക് സ്‌കൂളിലേക്ക് മലയാളം അദ്ധ്യാപകനായി ജോലി കിട്ടിയെന്നും അവര്‍ സൈനിക് സ്‌കൂള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് താമസംമാറ്റിയെന്നും അറിയാന്‍ കഴിഞ്ഞു. ഇതിനിടയില്‍ അദ്ദേഹം വിവിധ ഭാഷകളില്‍ എം.എ ഡിഗ്രിയും പി.എച്ച്.ഡി യും എടുക്കുകയുണ്ടായി.
ഈ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന് ശാരീരികമായ ചില അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകുകയും, അതിന്റെ ചികിത്സക്കായി മെഡിക്കല്‍ കോളേജില്‍ വരികയും അങ്ങിനെ ഞാനുമായി ഉണ്ടായിരുന്ന പഴയസൗഹൃദം പുതുക്കുന്നതിനും കാരണമായി.
ഇതിനിടയില്‍ അദ്ദേഹത്തിന്റെ യോഗ്യതയും അദ്ധ്യാപന പാടവവും വൈദഗ്ധ്യവും പരിഗണിച്ച് ഇടുക്കിയില്‍ ഒരു പുതിയ നവോദയ വിദ്യാലയം ആരംഭിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിക്കുകയുണ്ടായി. വളറെ സ്തുത്യര്‍ഹമായി അദ്ദേഹം ആ കൃത്യം നിര്‍വ്വഹിക്കുകയും ഏതാണ്ട് മുന്നുവര്‍ഷം അവിടെ പ്രധാനാദ്ധ്യാപകനായി തുടരുകയും ചെയ്തു. കഴക്കൂട്ടം സൈനിക സ്‌കൂളില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്. ആ വിദ്യാര്‍ത്ഥികളില്‍ പലരുമായും എനിക്ക് ഇടവപഴകുവാനും സംസാരിക്കുവാനും അവസരം കിട്ടിയിട്ടുണ്ട്. അപ്പോഴെല്ലാം ചന്ദ്രശേഖരന്‍ നായര്‍ സാറിനെപറ്റി എത്രയും ആദരപൂര്‍വ്വമാണ് അവര്‍ സംസാരിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ ഇപ്പോഴും സര്‍വ്വീസിലിരിക്കുന്ന ഡിസ്ട്രിക്ട് കളക്ടറന്മാരുണ്ട്. ഗവ. സെക്രട്ടറിമാരുണ്ട്, ഭിഷഗ്വരന്മാരുണ്ട് ഭാരതത്തിന്റെ പ്രതിരോധ സേനയില്‍ ഉയര്‍ന്ന റാങ്കില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളും അന്യസംസ്ഥാനക്കാരും ധാരാളമുണ്ട്.
ഞങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢതരമാകുവാന്‍ മറ്റൊരു കാരണവുമുണ്ട്. അദ്ദേഹം എഴുതിയിട്ടുള്ള അനേകം പുസ്തകങ്ങളെ പറ്റി കൂടി പറഞ്ഞില്ലെങ്കില്‍ ഈ ചെറിയ സ്മരണിക പൂര്‍ത്തിയാവുകയില്ല. മലയാള ഭാഷയില്‍ ധാരാളം റഫറന്‍സ് പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. അവയെല്ലാം തന്നെ മലയാളം ഐച്ഛികമായെടുത്ത് ഉപരിവിദ്യാഭ്യാസം ചെയ്യുന്നവര്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ്. ഭരതത്തിന്റെ പൗരാണികഗ്രന്ഥങ്ങളെയും മതപരമായ ഗ്രന്ധങ്ങളെയും കരതലാമലംപോലെ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. അതിലെ വിവിധ കഥാപാത്രങ്ങളെ കൊച്ചുകുട്ടികള്‍ക്കുപോലും മനസ്സിലാകുന്ന വിധത്തില്‍ അദ്ദേഹം വിശകലനം ചെയ്ത് പരിഭാ
ഷപ്പെടുത്തിയിട്ടുണ്ട്. ഏതാനും ബാലസാഹിത്യഗ്രന്ഥങ്ങളും അക്കൂട്ടത്തില്‍ പെടും. ഇനിയും പ്രസിദ്ധീകരിക്കാത്ത നിരവധി ലേഖനങ്ങളുമുണ്ട്.
പല പുരോഗമനസാഹിത്യകാരന്മാരും നിമിഷകവികളും അവരുടെ കൃതികള്‍ക്ക് പുരസ്‌കാരത്തിനും അവാര്‍ഡിനും ഒക്കെയായി ഓടിനടക്കുന്നകാഴ്ച ഇന്ന് സര്‍വ്വസാധാരണമാണ്. എന്നാല്‍ ഇത്രയധികം പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള അദ്ദേഹത്തിന് ഇതേവരെ ഒരു അവാര്‍ഡും കിട്ടിയിട്ടില്ല. എന്തുകൊണ്ടെന്നാല്‍ അദ്ദേഹം ഒരിക്കലും പുരസ്‌കാരങ്ങളുടെ പുറകെപോയിട്ടില്ല. ഞാനൊരിക്കലെ ഈ ലോകത്തുണ്ടാകുകയുള്ളൂ; ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ എന്റെ ഇപ്പോഴുള്ള സഹജീവികളുടെയും ഇനിയുണ്ടാകാന്‍ പോകുന്നവര്‍ക്കും വേണ്ടിയാണ് ഞാന്‍ എഴുതിയിട്ടുള്ളത് -ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രമാണം. നമ്മുടെ സമൂഹത്തില്‍ നിനന് ഇത:പര്യന്തം കാലയവനികക്കുള്ളില്‍ മറഞ്ഞുപോയ അനേകം പ്രതിഭാശാലികള്‍ക്കിടയില്‍ അദ്ദേഹത്തിന് സമുചിതമായ ഒരു സ്ഥാനം കിട്ടുമെന്ന് എനിക്ക് ഉറപ്പുണ്ട്.
അകാലത്തില്‍ മണ്‍മറഞ്ഞുപോയ എന്റെ പ്രിയജ്യേഷ്ഠ സഹോദരാ, അങ്ങയുടെ പുഷ്പകലമായ സ്മരണകള്‍ക്കു മുന്നില്‍ എന്റെ ഹൃദയത്തില്‍ നിന്നുള്ള ഒരുപിടി രക്തപുഷ്പങ്ങള്‍!!!!
ചന്ദ്രന്‍സാര്‍ എന്ന
പ്രകാശഗോപുരം
വൈക്കം വിവേകാനന്ദന്‍
ഒരു നാടിന്റെ സാംസ്‌കാരിക ജീവിതത്തില്‍ എമ്പാടും വെളിച്ചം പരത്തുന്ന പ്രകാശഗോപുരമായി നിന്ന് തലമുറകള്‍ക്കു നേരായ വഴികാട്ടുന്നവരെ നാം ഗുരുക്കന്മാരായി ആദരിക്കുന്നു. അത്തരം ഒരു വഴികാട്ടിയായിരുന്നു, നാട്ടുകാര്‍ ബഹുമാനത്തോടെ വിളിച്ചിരുന്ന, ചന്ദ്രന്‍ സാര്‍ എന്ന ഡോ.സി.കെ.ചന്ദ്രശേഖരന്‍നായര്‍.
എനിക്ക് അദ്ദേഹവുമായി പരിചയം തുടങ്ങുന്നത് ഏതാണ്ട് 45 വര്‍ഷങ്ങള്‍ക്കുമുമ്പാണ്. അന്ന് അദ്ദേഹം കഴക്കൂട്ടം സൈനിക് സ്‌കൂളിലെ മലയാളം വകുപ്പു മേധാവിയാണ്. എന്റെ മകന് പ്രവേശനം കിട്ടിയപ്പോള്‍ അവനെ അവിടെ ചേര്‍ക്കാന്‍ ഞങ്ങള്‍ ചെന്നതായിരുന്നു. സാറ് കുടുംബസമേതമാണ് അന്ന് സ്‌കൂള്‍ ക്യാമ്പില്‍ താമസം. അന്നുതുടങ്ങിയ പരിചയം അദ്ദേഹത്തിന്റെ വേര്‍പാടുവരെ അഭംഗുരം തുടര്‍ന്നു. സൈനിക് സ്‌കൂളില്‍ അദ്ദേഹത്തിന്റെ
അതിഥിയായി ഞങ്ങള്‍ താമസിച്ചിട്ടുമുണ്ട്.
ഞാനും സാറും വൈക്കം സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് 10 വരെ പഠിച്ചത്. സാറ് പിന്നീട് ബി.ഒ.
എല്‍ ജയിച്ച് അദ്ധ്യാപകനായി. അവിടെനിന്ന് കഠിനമായി പ്രയത്‌നിച്ച് മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ എം.എ.ബിരുദം നേടി. തുടര്‍ന്ന് സൈനിക സ്‌കൂളില്‍ മലയാളം വകുപ്പില്‍ ചേര്‍ന്നു. അവിടെ നിന്നാണ് സാറ് കേരളസര്‍വകലാശാലയില്‍ റിസര്‍ച്ച് സ്‌കോളറായി പേര്‍ രജിസ്റ്റര്‍ ചെയ്ത് മഹാകവി ഉള്ളൂരിന്റെ സാഹിത്യകൃതികളെക്കുറിച്ച് പ്രബന്ധമെഴുതി സമര്‍പ്പിച്ച് ഡോക്ടറേറ്റ് നേടുന്നത്. ഇങ്ങനെ പടിപടിയായി ഉയര്‍ന്ന തലങ്ങളെ കീഴടക്കി വര്‍ഷങ്ങളോളം വിദ്യാര്‍ത്ഥികളുടെ പ്രിയങ്കരനായ സാറായി സൈനിക് സ്‌കൂളിലെ സേവനം പൂര്‍ത്തിയാക്കി. പിന്നീട് കേരളത്തില്‍ ആദ്യം തുടങ്ങിയ ഇടുക്കി ജില്ലയിലെ നവോദയ വിദ്യാലയത്തിന്റെ തലവനായി സേവനമര്‍പ്പിച്ചു. തുടര്‍ന്ന് ചേര്‍ത്തലയിലെ ചില വിദ്യാല്യങ്ങളിലും പ്രവര്‍ത്തിച്ചു.
ഇക്കാലമെല്ലാം സാറ് പഠിപ്പിക്കുക മാത്രമല്ല, പല വിഷയങ്ങളെ സംബന്ധിച്ചും ഗഹനമായി പഠിക്കുകയും തുടര്‍ച്ചയായി ഗ്രന്ഥരചന നടത്തുകയും ചെയ്തുവന്നു. അങ്ങനെ മലയാളത്തിന് അദ്ദേഹത്തില്‍ നിന്ന് 50 ലേറെ കൃതികള്‍ കിട്ടി. പ്രസന്നമധുരമായ ശൈലിയില്‍ സാറ് എഴുതിയിട്ടുള്ള കൃതികളിലൂടെ കടന്നുപോകുന്നത് നല്ലൊരു വായനാനുഭവമാണ്. കവിതയിലൊഴിച്ച് സാഹിത്യത്തിന്റെ ഇതരമേഖലകളിലെല്ലാം ആ തൂലിക ചലിച്ചു. സനാതനധര്‍മ്മമെന്ന ഹിന്ദുമതത്തിന്റെ ചരിത്രം അറിയാനാഗ്രഹിക്കുന്ന ജിജ്ഞാസുക്കള്‍ സാറിന്റെ ഹിന്ദുമതത്തിന്റെ രാജമാര്‍ഗം എന്ന കൃതിവായിച്ചിരിക്കേണ്ടതാണ്. ഇടതടവില്ലാതെ അക്ഷരതപസ്സനുഷ്ഠിച്ചുകൊണ്ടിരുന്ന ഈ ജ്ഞാനയോഗിയെ കേരളം വേണ്ടത്ര ആദരിച്ചില്ലല്ലോ എന്ന സങ്കടം നിലനില്‍ക്കുന്നു.
അദ്ധ്യാപകന്‍, എഴുത്തുകാരന്‍ തുടങ്ങിയ നിലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ഈ ഗുരു ഒന്നാന്തരം പ്രഭാഷകനുമായിരുന്നു. ഹിന്ദുമത സംബന്ധിയായ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കല്പകപ്പൂമഴ പോലെപെയ്തിറങ്ങുന്നത് ഒരനുഭവം തന്നെയായിരുന്നു.
കടഞ്ഞെടുത്ത പദങ്ങളിലൂടെ ആ ഗംഗ പ്രവഹിക്കുമ്പോള്‍ ശ്രോതാക്കള്‍ മന്ത്രമുഗ്ദ്ധരായി ഇരുന്നുപോകും. അദ്ദേഹവുമൊത്ത് പല വേദികളും പങ്കിടാനുള്ള ഭാഗ്യം എനിക്കു കിട്ടിയിട്ടുണ്ട്. എന്നിലെ എഴുത്തുകാരനെ വളര്‍ത്തിയതില്‍ ചെറുതല്ലാത്ത ഒരു പങ്ക് സാറിനുള്ളതാണ്. സാറിന്റെ നിരന്തരവും നിര്‍ബന്ധപൂര്‍വ്വവുമായ പ്രോത്സാഹനം കിട്ടിയിരുന്നെങ്കില്‍ എന്റെ പല കൃതികളും പുറത്തു വരുമായിരുന്നില്ല. ഞാന്‍ ആവശ്യപ്പെടാതെ തന്നെ എന്റെ ഒരു കൃതിക്ക് സാറ് അവതാരിക എഴുതിത്തന്നു. ചട്ടമ്പി സ്വാമിയെപ്പറ്റി ഞാനെഴുതിയ 'മഹാപ്രഭു' എന്ന നോവലിനു അവാര്‍ഡു കിട്ടിയപ്പോള്‍ ഏറെ സന്തോഷിച്ചവരിലും എന്നെ ഹാര്‍ദ്ദമായി അഭിനന്ദിച്ചവരിലും ഒരാള്‍ സാറായിരുന്നു. വാത്മീകി രാമായണത്തിലെ ഭരതനെ കേന്ദ്രകഥാപാത്രമാക്കി 'ഭരതഹൃദയം' എന്ന കൃതി ഞാനെഴുതിയപ്പോള്‍ സാറ് എന്നെ വാരിപ്പുണര്‍ന്നുകൊണ്ടു ചോദിച്ചു. വിവേകാനന്ദന് ഇതെങ്ങനെ എഴുതാന്‍ സാധിച്ചു? ഇതില്‍ ഭരത - ശത്രുഘ്‌നന്മാര്‍ കേകയത്തില്‍ നിന്ന് അയോദ്ധ്യയിലേക്കു വരുന്ന മാര്‍ഗത്തിന്റെ വര്‍ണനയില്‍ അവര്‍ പിന്നിട്ട ജനപദങ്ങള്‍, നദികള്‍, വനങ്ങള്‍, മലകള്‍ തുടങ്ങിയവയുടെ പേരുകളും മറ്റും എവിടെനിന്നു സമ്പാദിച്ചു? അതിന് വാത്മീകിരാമായണത്തില്‍ നിന്നു തന്നെയാണ് അവ സമ്പാദിച്ചതെന്നു ഞാന്‍ മറുപടി പറഞ്ഞു.
സാറിനെ കണ്ടു മടങ്ങുമ്പോഴെല്ലാം കൂടുതല്‍ അറിവു നേടിയതായി ഞാന്‍ അറിഞ്ഞിരുന്നു. സാറിനുവേണ്ടത്ര അംഗീകാരം അധികാരസ്ഥാനങ്ങളില്‍ നിന്നു കിട്ടിയില്ലെങ്കിലും അദ്ദേഹം കണ്ണുതെളിച്ചുവിട്ട പരശ്ശതം ശിഷ്യന്മാര്‍ ലോകമെമ്പാടും വിജയശ്രീലാളിതരായി താന്താങ്ങളുടെ കര്‍മമമേഖലകളില്‍ ജീവിക്കുന്നു. ഒരു ഗുരുവിന്റെ ഏറ്റവും അനര്‍ഘമായ സമ്പത്ത് അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. ഇക്കാര്യത്തില്‍ ചന്ദ്രന്‍സാറ് കുബേരതുല്യനാണ്.
സപ്തതി ആഘോഷത്തില്‍ പങ്കെടുക്കാനും സാറിന്റെ അവദാനങ്ങളെ അടിസ്ഥാനമാക്കി കവിത എഴുതി വായിക്കാനും എനിക്കു ഭാഗ്യമുണ്ടായി. കവിതയുടെ പകര്‍പ്പ് സാറിനു സമര്‍പ്പിച്ചപ്പോള്‍ അദ്ദേഹം എന്റെ കൈപിടിച്ചു കുലുക്കിക്കൊണ്ട് ആശ്ചര്യത്തോടെ ചോദിച്ചു. വിവേകാനന്ദന്‍ കവിതയും എഴുതുമോ? കവിയാകാന്‍ സുകൃതം ചെയ്യണം. തുടര്‍ന്നും കവിത എഴുതണം. അന്നവിടെ എഴുതി സമര്‍പ്പിച്ച കവിതയില്‍ നിന്ന് ഏതാനും വരികള്‍ ഉദ്ധരിച്ചു കൊണ്ട് ഞാന്‍ ഈ അനുസ്മരണം ഇവിടെ നിര്‍ത്തുന്നു. ആ മഹാഗുരുവിന്റെ പാവനസ്മരണയ്ക്കു മുന്നില്‍ എന്റെ സാഷ്ഠാംഗപ്രണാമം.
പൂര്‍ണമിദം
പൂര്‍ണ്ണചന്ദ്രനെപ്പോലെ പുഞ്ചിരിച്ചവിടുന്നു
കര്‍ണസൗഭഗം വാക്കിന്നമൃതം പകരുമ്പോള്‍
കേട്ടിരിക്കവേയകക്കണ്ണുകള്‍ വിടരുന്നു-
ണ്ടാട്ടിവിട്ട പോലിരുളോടിയേയകലുന്നു.ച
ന്ദനക്കാതല്‍ തരും ഗന്ധവും കരിവീട്ടി-
യുരുവപ്പെടുത്തിയ ബന്ധദാര്‍ഢ്യവും, പിന്നെ
യുക്തിതന്‍ വെളിച്ചത്തില്‍ത്തെളിയും സൗന്ദര്യവും
യുക്തമായ്ക്കലര്‍ത്തിയീക്ഷരപ്പെരുന്ത അറിവിന്‍ നവരത്‌ന ഖനികള്‍ തുറന്നു നീ
യിരുകൈകളാല്‍ വാരിത്തന്നു കൈക്കുടന്നയില്‍
യാജ്ഞവലകൃനെപ്പോലെ ഋഷിതുല്യനിഗ്ഗുരു
വാക്കിനെയജ്ഞമാക്കീകര്‍മ്മ മണ്ഡലങ്ങളില്‍
സദ്ഗുരോനമോവാകം, സദ്ഗുരോനമോവാകം
സാഷ്ടാംഗം നമിക്കുന്നു ഞങ്ങള്‍ നിന്‍ തിരുമുമ്പില്‍



Please ensure that all spelling mistakes are eliminated .
ReplyDeleteSuch mistakes and "Linguistic errors" have no place in this blog about a great man who dedicated his life to languages and culture.