Wednesday, November 25, 2015


ആദ്യകൃതി  തിരിച്ചറിയല്‍ കാര്‍ഡാക്കി
മാറ്റിയ പ്രതിഭാധനന്‍

ഡോ.കെ.ആര്‍.എസ്.നായര്‍

പുസ്തകങ്ങളെ സ്‌നേഹിക്കാനും അക്ഷരലോകത്തെ അനന്തസാധ്യതകളും അറിവിന്റെ കനികളും കണ്ടെടുക്കാനും കുട്ടിക്കാലം മതുല്‍ക്കേ എനിക്കു സാധിച്ചതിനു പിന്നില്‍, ദൂരെ നിന്ന് ഭയഭക്തിബഹുമാനങ്ങളോടെ ഞാന്‍ വീക്ഷിച്ചിരുന്ന മാതൃസഹോദരന്റെ സ്വാധീനമായിരുന്നു മുഖ്യം.  പില്‍ക്കാലത്ത് എന്റെ കര്‍മ്മമണ്ഡലമായിത്തീര്‍ന്ന  ബാങ്കിംഗ് മേഖലയില്‍ ഒരു എഴുത്തുകാരനും ട്രെയിനറും എന്ന നിലയ്ക്ക്  നേടാന്‍ കഴിഞ്ഞ അംഗീകാരങ്ങള്‍ക്കും ഏറെ കടപ്പെട്ടിരിക്കുന്നത് അതിനുളള അഭിരുചിയും ആഭിമുഖ്യവും എന്നില്‍ വളര്‍ത്തിയെടുക്കാന്‍ കാരണഭുതനായ അമ്മാവനോടു തന്നെ.

അമ്മാവന്റെ പുസ്തകശേഖരമാണ് ഞാനാദ്യം കണ്ട ഗ്രന്ഥശാല.  വലുതാകുമ്പോള്‍ അത്തരമൊന്ന് എനിക്കും സ്വന്തമാക്കണമെന്ന ഗൂഢമായമോഹം കുട്ടിക്കാലത്തേ ഉളളില്‍ സൂക്ഷിക്കാന്‍ തുടങ്ങിയിരുന്നു. ഓര്‍ക്കമ്പോള്‍, എന്റെ ഒരുപിടി ശീലങ്ങള്‍ ഉദ്ഭൂതമാക്കിയതിനുപിന്നില്‍ പ്രേരകമായിവര്‍ത്തിച്ചത് ഈയൊരു വ്യക്തി തന്നെയാണ്.  ഉദാഹരണത്തിന്, കേരളത്തിനകത്ത് എങ്ങോട്ട് കത്തയച്ചാലും മേല്‍വിലാസം മലയാളത്തിലേ എഴുതൂ എന്ന ഒരു പ്രകൃതം.

നിഘണ്ടുക്കളാല്‍ സമ്പന്നമായിരുന്നു സി.കെ.സിയുടെ മേശപ്പുറവും അലമാരയുമൊക്കെ.  അവയുമായി ചങ്ങാത്തം കൂടാന്‍ പഠിച്ചതും, എന്തിനുമേതിനും ഡിക്ഷനറിയില്‍ അര്‍ത്ഥതലങ്ങള്‍  തേടുന്ന ജിജ്ഞാസ വളര്‍ത്തിയെടുത്തുതും കണ്ടുപഠിച്ച ശീലങ്ങളില്‍പെടുന്നു. ഒരു മാനേജ്‌മെന്റ് ട്രെയിനറായി പ്രവര്‍ത്തിക്കുന്ന ഞാന്‍ എന്റെ കമ്മ്യൂണിക്കേഷന്‍ ക്ലാസ്സുകളില്‍ സീനിയര്‍ തലത്തിലുളള മാനേജര്‍മാരോടുവരെ ഇന്നും നിര്‍ദ്ദേശിക്കുന്ന ഒരു കാര്യമാണ്, എപ്പോഴും നിഘണ്ടു മേശപ്പുറത്തു സൂക്ഷിക്കുക എന്നത്.  പത്രമാസികകളും പുസ്തകങ്ങളും വായിക്കുമ്പോഴായാലും എഴുത്തുകുത്തുകള്‍ കൈകാര്യം ചെയ്യുമ്പോഴായാലും മുമ്പില്‍ സാധാരണയായി വന്നുപെടുന്ന അപരിചിതപദങ്ങളില്‍ തട്ടിവീഴാതെ, അവയെ അവഗണിക്കാതെ, സ്വന്തം പദസമ്പത്തില്‍ അവയെക്കൂടി ചേര്‍ക്കാന്‍ ഈ ശീലം സഹായിക്കുമെന്നത് അനുഭവപാഠം.

ദശാബ്ദങ്ങളോളം സി.കെ.സിയുടെ കര്‍മ്മമണ്ഡലമായിരുന്ന കഴക്കൂട്ടം സൈനിക് സ്‌കൂള്‍ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ്.  ക്യാംപസ് ഭാഷപോലും ഇംഗ്ലീഷാണവിടെ.  കുഞ്ഞുങ്ങള്‍ അച്ഛനമ്മമാരെ 'ഡാഡി', 'മമ്മി' എന്നിങ്ങനെമാത്രം വിളിച്ചു പഠിച്ചിരുന്ന ആ അന്തരീക്ഷത്തില്‍ ജീവിച്ച, ഇംഗ്ലീഷ് എം എ കൂടിയുണ്ടായിരുന്ന,  മലയാളം മാസ്റ്റര്‍ തന്റെ മക്കളെ നിര്‍ബന്ധമായും അച്ഛനെന്നും അമ്മയെന്നും തന്നെ വിളിക്കാന്‍ പഠിപ്പിച്ചത് അനല്‍പ്പമായ ആദരവോടെയാണ് ഞാന്‍ കണ്ടിരുന്നത്.

കര്‍ണ്ണഭൂഷണത്തിന്റെ മാറ്റ്


1966ല്‍ ആണ് 'കര്‍ണ്ണഭൂഷണത്തിന്റെ മാറ്റ്' പ്രസിദ്ധീകരിക്കുന്നത്.  തന്റെ ആദ്യത്തെ പുസ്തകം കൈയില്‍ കിട്ടിയപ്പോള്‍ ഗ്രന്ഥകര്‍ത്താവിനുണ്ടായ അതിരുകളില്ലാത്ത ആനന്ദം ഇന്നലെ കണ്ടതുപോലെ ഓര്‍മ്മയില്‍ നില്‍ക്കുന്നു.  സൈനിക് സ്‌കൂള്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് കോളേജുപഠനം തുടങ്ങിയിരുന്ന എനിക്ക് ആ ദിവസങ്ങളിലെ പാഠ്യേതരവായന ഈ പുസ്തകമായിരുന്നു.   അക്രീതദാസന്‍, അന്യാര്‍ത്ഥജീവിതം, ഘണ്ടാപഥങ്ങള്‍ ഗുണപൌഷ്‌ക്കല്യം, പുളകോദ്മകാരി  തുടങ്ങി ഏറെ സുന്ദരപദങ്ങള്‍ എന്റെ നാവിലും പേനത്തുമ്പിലും കുടിയേറിയത് ആ പുസ്തകപഠനത്തില്‍ നിന്നാണ്.  പുതുതായി പഠിക്കുന്ന വാക്കുകള്‍ പ്രയോഗിച്ചു ശീലിച്ചിരുന്ന ഞാന്‍ ഇവയില്‍ ചിലത് എന്റെ കൊച്ചുകൊച്ചുരചനകളില്‍ ചേര്‍ക്കുന്നത് കണ്ട് കോളേജില്‍ രണ്ടാംഭാഷയായി ഞാനെന്തിനു ഹിന്ദിയെടുത്തു എന്ന് അമ്മാവന്‍ ഒരിക്കല്‍ ചോദിച്ചതുമോര്‍ക്കുന്നു.

അന്നു പിറന്ന ആ പുസ്തകക്കുഞ്ഞ്(വലിപ്പംകൊണ്ടും അതൊരു കുഞ്ഞുതന്നെയായിരുന്നു, 97 പേജ്) പില്‍ക്കാലത്ത് ഗ്രന്ഥകര്‍ത്താവിന്റെ 'തിരിച്ചറിയല്‍ കാര്‍ഡ്' ആയി പരിണമിക്കുമെന്ന് തന്റെ ഭ്രാന്തന്‍ സ്വപ്നങ്ങളില്‍ പോലും സി.കെ.സി ഓര്‍ത്തിട്ടുണ്ടാവില്ല.  പക്ഷേ അതാണു സംഭവിച്ചത്.

ഒരു കോളേജില്‍പോലും പോയി പഠിക്കാതെ സ്വപരിശ്രമത്താലും ഉത്സാഹത്താലും മാത്രം റാങ്കുള്‍പ്പെടെ ഉന്നതവിജയത്തോടെ പൂര്‍ത്തിയാക്കിയ മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുളള മാസ്റ്റേഴ്‌സ് ബിരുദത്തിനും ബി.എഡിനും ശേഷം മലയാളത്തില്‍ ഡോക്ടറേറ്റ്.  അതിന്റെ ലബ്ധിക്കുമുമ്പുളള മുഖാമുഖം (വൈവാവോസി) പരിപാടിക്കു ചെന്ന ബിരുദാര്‍ത്ഥിയെ ഇന്റര്‍വ്യൂ ബോര്‍ഡ് ചെയര്‍മാന്‍ സ്വീകരിച്ചിരുത്തിയത് 'കര്‍ണ്ണഭൂഷണത്തിന്റെ മാറ്റ്' എഴുതിയ ചന്ദ്രശേഖരന്‍ നായരാണ്,  അല്ലേ?' എന്ന ചോദ്യത്തോടെയാണ്.  പില്‍ക്കാലത്ത് പല അഭിമുഖ വേളകളിലും  മറ്റ് പണ്ഡിതസദസ്സുകളിലും മേശക്കപ്പുറത്തും വശങ്ങളിലുമിരുന്നവര്‍ അനല്‍പ്പമായ ആദരവോടും മതിപ്പോടും കൂടിയാണ് 'കര്‍ണ്ണഭൂഷണത്തിന്റെ മാറ്റ് ' രചിച്ച നിരൂപണപണ്ഡിതനെ നോക്കിക്കണ്ടത്.

എന്തായിരുന്നു ആ ആദ്യകൃതിയെ അത്രയ്ക്ക് മഹത്തരമാക്കിയത്?  കുട്ടികൃഷ്ണമാരാരെപ്പോലുളള പ്രഗത്ഭമതികളുടെ മുക്തകണ്ഠമായ പ്രശംസ, ഹിന്ദു, മാതൃഭൂമി, മലയാളരാജ്യം തുടങ്ങിയ പത്രമാദ്ധ്യമങ്ങള്‍ 'റിവ്യൂ'കളിലൂടെ  നല്‍കിയ പ്രാമുഖ്യം എന്നിത്യാദികളാല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ആ ചെറിയ കൃതി ഇന്നും 'കര്‍ണ്ണഭൂഷണ'ത്തെക്കുറിച്ചുളള ഏറ്റവും ആധികാരികമായ മണ്ഡനാത്മകപഠനമായി  ശോഭിക്കുന്നുവെന്നതുതന്നെ.

ആപാദചൂഢം ധിഷണാവൈഭവം വിളിച്ചു പറയുന്നതാണ് ആ കൃതി.  ശ്രദ്ധയെ പിടിച്ചു നിര്‍ത്തുന്ന അതിന്റെ ചെറിയ ആമുഖം തന്നെ ദൃഷ്ടാന്തം.  കര്‍ണ്ണഭൂഷണപാരായണം നല്ല ഒരു കാവ്യമാസ്വദിച്ചതിന്റെ സംതൃപ്തിയും അതിനെക്കുറിച്ചുളള പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരിയുടെ ഖണ്ഡനാത്മകമായ വിമര്‍ശനം കഴമ്പുളള ഒരു നിരൂപണം വായിച്ച തോന്നലും ഒരേപോലെ ഉളവാക്കിയപ്പോള്‍, പൂര്‍വ്വാപരവിരുദ്ധമായ ആ തോന്നല്‍ തന്റെ  സൌന്ദര്യാവബോധത്തിനേല്‍പിച്ച ആഘാതം മാറ്റാന്‍ നടത്തിയ അന്വേഷണത്തിന്റെ ഫലമാണീ ലഘുപഠനമെന്നും



തത്വം കിമപി കാവ്യാനാംജാനാതി വിരളോഭുവി:
മാര്‍മ്മിക; കോ മരന്ദാനാംഅന്തരേണ മധുവ്രതം?'

എന്ന ജഗന്നാഥ പണ്ഡിതരുടെ അഭിപ്രായം നമ്മുടെ ഒന്നാംകിട നിരൂപകരെ സംബന്ധിച്ചു പോലും ശരിയാണെന്ന വസ്തുത ഈ പഠനം ഉറപ്പിച്ചുവെന്നും പറയുമ്പോള്‍ ആര്‍ക്കാണ് ആ പുസ്തകം തുടര്‍ന്ന് വായിക്കണമെന്ന് തോന്നാതിരിക്കുക?

സി.കെ.സിയുടെ പുസ്തകങ്ങള്‍ക്കെല്ലാമുണ്ട് ഇപ്പറഞ്ഞ ആ(പൂ)മുഖഭംഗി.  അതുപോലെതന്നെ അവയെയെല്ലാം ആകര്‍ഷകമാക്കുന്ന മറ്റൊരംശം കാവ്യാത്മകവും ആലോചനാമൃതവുമായ  അവയുടെ പേരുകളാണ്.  ഒന്നിനൊന്നു മികച്ചത്.  ഉളളൂരിന്റെ കര്‍ണ്ണഭൂഷണം മാറ്റുരച്ചുനോക്കി അതു വെറും ചെമ്പോ പിച്ചളയോ മാത്രമാണെന്ന് പൊതുസമ്മതനായ ഒരു നിരൂപകരാജന്‍ ഉദ്‌ഘോഷിക്കുമ്പോള്‍, രാജാവിന് തുണിയില്ലെന്ന് വിളിച്ചുകൂവുന്ന കുട്ടിയുടെ 'ചങ്കൂറ്റ'മാണ്  അസൂയാവഹമായ അപഗ്രഥന പാടവത്തോടെ ഒരു എഴുത്തിന്റെ കന്നിക്കാരന്‍ പ്രദര്‍ശിപ്പിച്ചത്.  മുണ്ടശ്ശേരിയുടെ സങ്കുചിതമായ വീക്ഷണത്തില്‍ നിന്ന് വ്യത്യസ്തമായി മഹാഭാരതമാകെ ' വിശാഖ നക്ഷത്രങ്ങളുടെ നടുവിലെ ചന്ദ്രനെപ്പോലെ' ഒളിപരത്തി നില്‍ക്കുന്ന കര്‍ണ്ണന്റെ തേജോമഹിമയുടെ സമഗ്രദര്‍ശന മാണ്  ഉളളൂര്‍ സ്വീകരിച്ചതെന്നും അതുകൊണ്ട് കര്‍ണ്ണഭൂഷണം തനിത്തങ്കം തന്നെയാണെന്നും സ്ഥാപിക്കുന്ന പുസ്തകത്തിന്  'കര്‍ണ്ണഭൂഷണത്തിന്റെ മാറ്റ്' എന്നല്ലാതെ മറ്റെന്തുപേരാണ് കൂടുതല്‍ അനുയോജ്യം?

മുണ്ടശ്ശേരിയുടേത് ഭാഗികമായ കാവ്യാസ്വാദനശീലമാണെന്ന് അദ്ദേഹം തന്നെ ഒരിടത്ത് സാഭിമാനം പറഞ്ഞിട്ടുളളതിന് തെളിവായി പുസ്തകത്തില്‍ ഇങ്ങനെ ഉദ്ധരിക്കുന്നു 'മഹാഭാരതം കമ്പോടുകമ്പ് വായിച്ചുപസ്ഥിതമാക്കാന്‍ ഞാന്‍ മിനക്കെട്ടിട്ടില്ല;  മിനക്കെടാനെന്നെക്കൊണ്ടാവുകയുമില്ല.............. മഹാഭാരതമായാലും മറ്റെന്തായാലും,  വേണ്ടിവരുന്ന ഭാഗങ്ങള്‍ അപ്പപ്പോള്‍ നോക്കി മനസ്സിലാക്കും.' എത്രയ്ക്ക് അനനുകരണീയമായ സമീപനം!  മഹാഭാരതത്തിലെ കര്‍ണ്ണനെ മുഴുവനായി മനസ്സിലാക്കാതെ ഉളളൂരിന്റെ കര്‍ണ്ണനെ തിരിച്ചറിയുക സാധ്യമല്ലെന്നാവര്‍ത്തിച്ചു പറഞ്ഞുകൊണ്ട്, മുണ്ടശ്ശേരിയുടെ എതിര്‍വാദഗതികളെ  ഒന്നൊന്നായി എയ്തുവീഴ്ത്തുന്ന കാഴ്ചയാണ് ഗ്രന്ഥത്തിലുടനീളം നാം കാണുന്നത്.

സൂര്യകര്‍ണ്ണന്‍മാരുടെ സമാഗമവേളയില്‍, വന്നുകയറിയ അപരിചിതനായ ബ്രാഹ്മണനോട് (സൂര്യന്‍) തന്നെസംബന്ധിക്കുന്ന വിവരങ്ങള്‍ കര്‍ണ്ണന്‍ വിസ്തരിച്ചുപറയുന്നതുചിതമാണോ എന്ന മുണ്ടശ്ശേരിയുടെ ചോദ്യത്തിനു നല്‍കുന്ന മറുപടി ഉദാഹരണം: ' ഈ സംശയം ഭാരതീയ സംസ്‌കാരത്തെക്കുറിച്ച് എന്തെങ്കിലുമറിയാവുന്നവര്‍ക്കുണ്ടാകുകയില്ല.  എന്തെന്നാല്‍, നാമപൂര്‍വ്വകം നമസ്‌കരിക്കുകയെന്നതായിരുന്നു ഭാരതത്തിലെ പ്രാചീനസമ്പ്രദായം.  തന്റെ പേര്, മാതാപിതാക്കളുടെ, അല്ലെങ്കില്‍ പിതാവിന്റെയെങ്കിലും പേരുകൂട്ടിപ്പറഞ്ഞാണ്  നമസ്‌കരിക്കുക പതിവ്'.  മഹാഭാരതത്തിലെ കര്‍ണ്ണന്‍ ഒരു പ്രഭാതത്തില്‍ തന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട ഒരപരിചിതയായ സ്ത്രീയെ (അതു തന്റെ പെറ്റമ്മയായ കുന്തിയായിരുന്നു) വന്ദിക്കുന്നത് ഇതിന് നിദര്‍ശനമായി ചൂണ്ടിക്കാണിക്കുന്നുമുണ്ട്.



'രാധേയോ,  ഹമാധിരഥി:കര്‍ണ്ണസ്ത്വാമഭിവാദയേ' എന്ന്.

മഹാപണ്ഡിതന്‍മാര്‍ കൊയ്തുകയറിയ സാഹിത്യവയലിലിറങ്ങി കാലാ പെറുക്കുന്ന ഒരാസ്വാദകന്‍ ആ സാഹിത്യകേദാരത്തില്‍ നിന്നു പെറുക്കിക്കൂട്ടിയ നെല്‍മണിക്കതിരുകള്‍ക്ക് മണ്ണിന്റെയും നെല്ലിന്റെയും മണമുളള ഒരു പേരു നല്‍കിപിടിത്താളുകള്‍.  പക്ഷേ, അങ്ങനെ മുമ്പേ കൊയ്തുകയറിയവരുടെ  പിമ്പേ നടന്ന് അവരുടെ കൈയില്‍ നിന്നും വീണുകിട്ടിയതെടുത്ത്  നിരത്തിയാല്‍ അതു വായിക്കാനാര്‍ക്കാണ് താല്‍പര്യമുണ്ടാകുക?  അതുകൊണ്ട് 'പിടിത്താളുകളുടെ' ആമുഖത്തില്‍ ഇങ്ങനെ പറയുന്നു: 'എങ്കിലും ഇതിലെ ഓരോ ലേഖനവും യുക്ത്യധിഷിഠിതമായ എതെങ്കിലും ഒരു പുതിയ പ്രശ്‌നത്തെ അവതരിപ്പിക്കുകയോ പഴയപ്രശ്‌നങ്ങള്‍ക്കു നൂതനമായ യുക്തികള്‍ സമര്‍പ്പിക്കകയോ ചെയ്യുന്നുണ്ട്'.

അതുതന്നെയാണ് സി.കെ.സി.യിലെ എഴുത്തുകാരന്റെ USP (Unique Selling Propositionതനതു വില്‍പ്പനാ സവിശേഷത).  എന്തെങ്കിലും സവിശേഷമായൊന്ന് പറയാനുളളപ്പോഴേ അദ്ദേഹം പുസ്തകമെഴുതിയിട്ടുളളൂ.  അതുകൊണ്ടുതന്നെ അവയെല്ലാം ശ്രദ്ധേയവുമായി.  തന്റെ ഏതൊരു കൃതിക്കുമുണ്ട് ആ മുഖമുദ്ര, മൌലികത.  മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കാനിരിക്കുന്ന 'ആദ്ധ്യാത്മികസാഹിത്യചരിത്രം' എന്ന ബൃഹദ്ഗ്രന്ഥത്തിലും കാണാം ഈ പ്രത്യേകത.  ഹരിനാമകീര്‍ത്തനമെഴുതിയതാരെന്ന് കൊച്ചു കുട്ടികള്‍ക്കുവരെയറിയാം.   എന്നാല്‍  അതു എഴുത്തച്ഛന്റെ കൃതിയല്ലെന്ന് സമര്‍ത്ഥിക്കുന്നുവെങ്കിലോ ഒരെഴുത്തുകാരന്‍?  ദ്വൈതവാദിയായ എഴുത്തച്ഛന് എങ്ങനെയാണ് അദ്വൈതം ഉദ്‌ഘോഷിക്കുന്ന ഹരിനാമകീര്‍ത്തനത്തിന്റെ രചയിതാവാകാന്‍ സാധിക്കുകയെന്ന യുക്ത്യധിഷ്ഠിതമായ ചോദ്യം 'ആദ്ധ്യാത്മികസാഹിത്യചരിത്ര'ത്തില്‍ കാണാം.  ഇതൊരു ചെറിയ ഉദാഹരണം മാത്രം.

ദാരിദ്ര്യത്തിന്റെ സൃഷ്ടിയായ സാഹിത്യവാസന  

തന്റെ സാഹിത്യവാസന ദാരിദ്ര്യത്തിന്റെ സൃഷ്ടിയാണെന്നാണ് അമ്മാവന്‍ പറഞ്ഞിട്ടുളളത്.  പഠിത്തത്തില്‍ മിടുക്കനായിരുന്നിട്ടും അന്നത്തെ ഉയര്‍ന്ന ഫീസ് കൊടുക്കാനില്ലാത്തതിനാല്‍ ഇംഗ്ലീഷ് മിഡില്‍ സ്‌കൂളില്‍ ചേരാതെ മലയാമ്പളളിക്കൂടത്തില്‍ ചേര്‍ന്നു പഠിച്ചു.  7ാം ക്ലാസ്സില്‍ സംസ്ഥാനതലത്തില്‍ പൊതുപരീക്ഷയുളള കാലം.  (194546).  മലയാള ഭാഷയിലും സാഹിത്യത്തിലും സാമാന്യം നിലവാരമുളള പരീക്ഷയായിരുന്നത്.   ആറാം പാഠപുസ്തകത്തില്‍ വലിയകോയിത്തമ്പുരാന്റെ 'എന്റെ മൃഗയാസ്മരണകള്‍', എം.ആര്‍ രാജരാജവര്‍മ്മയുടെ 'നമ്പൂതിരിമാരും സാഹിത്യവും'  തുടങ്ങിയ ലേഖനങ്ങളും  ചെറുശ്ശേരിയുടെ 'വര്‍ഷകാല വര്‍ണ്ണന', എഴുത്തച്ഛന്റെ 'കര്‍ണ്ണാര്‍ജ്ജുനയുദ്ധം', പൂന്താനത്തിന്റെ 'വൈകുണ്ഠവര്‍ണ്ണന', കുഞ്ചന്‍ നമ്പ്യാരുടെ 'സഭാപ്രവേശം', തുടങ്ങിയ കവിതാഭാഗങ്ങളും പഠിക്കാനുണ്ടായിരുന്നു.  എഴാംക്ലാസ്സില്‍ 'എട്ടാം പാഠപുസ്തകവും', ഉളളൂരിന്റെ 'ഭക്തിദീപിക', സി.വി കുഞ്ഞിരാമന്റെ 'വ്യാസഭാരതം'      എന്നീ പുസ്തകങ്ങളും 'ഭാഷാഭൂഷണ' ത്തിലെ ആദ്യത്തെ പതിനാറലങ്കാരങ്ങളും പഠിക്കേണ്ടിയിരുന്നു.  ഇതെല്ലാം വിസ്തരിച്ചു പഠിപ്പിക്കുന്നതായിരുന്നു കാലസ്വഭാവവും.  ജിജ്ഞാസുവായ വിദ്യാര്‍ത്ഥിയില്‍ സാഹിത്യവാസന നാമ്പിടാന്‍ തുടങ്ങിയത് ഈയൊരു ധന്യമായ പശ്ചാത്തലത്തിലാണ്.

കവിത ചൊല്ലാനുളള സാമര്‍ത്ഥ്യം കുട്ടിക്കാലം മുതല്‍ക്കു തന്നെ സ്വായത്തമായിരുന്നു.  അദ്ധ്യാപകനില്ലാത്ത വേളകളില്‍ അക്ഷരശ്ലോകമത്സരം നടത്തുക കുട്ടികളുടെ സ്ഥിരം വിനോദമായിരുന്നു.  കവിതാരചനയുടെ പ്രാഥമിക പരിശീലനത്തിന് ഇത് സന്ദര്‍ഭമൊരുക്കി.  പലപ്പോഴും വീട്ടിലിരുന്നു സ്വന്തമായി ശ്ലോകങ്ങളെഴുതി പഠിച്ച്  ക്ലാസ്സില്‍ ചൊല്ലിത്തകര്‍ക്കുക പതിവായിരുന്നു.

ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ വച്ച് ധാരാളം കവിതകളെഴുതി.  കേരളഭൂഷണം, പൌരധ്വനി, ദീപിക, സത്യദീപം എന്നീ പത്രങ്ങളില്‍ അവയില്‍ പലതും പ്രസിദ്ധീകരിച്ചു.  കാവ്യശാസ്ത്രത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ പലതും  ഹിന്ദിയിലൂടെയാണ് പഠിച്ചത്.  അക്കാലത്തെല്ലാം ഇടതടവില്ലാതെ കവിതകള്‍ എഴുതിക്കൊണ്ടിരുന്നു.  ഒരു സാഹിത്യകാരനാകുക എന്ന മോഹം എന്നെങ്കിലും  സഫലമാകുകയാണെങ്കില്‍, 'കവി' എന്ന നിലയ്ക്കായിരിക്കണമെന്ന ദൃഢമായ ധാരണ അന്നെല്ലാമുണ്ടായിരുന്നുവെന്ന്  സി.കെ.സി അനുസ്മരിച്ചിട്ടുണ്ട്.

സാഹിത്യത്തിലെ ആദ്യത്തെ പ്രതിഫലം കവിതയ്ക്കുതന്നെയാണ് ലഭിച്ചത്.  എന്‍.വി കൃഷ്ണവാര്യര്‍ പത്രാധിപരായിരുന്ന കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച രണ്ടു കവിതകള്‍ക്ക്.  പക്ഷേ, സാഹിത്യപഠനത്തിനുളള മോഹം തുടര്‍ന്ന് ശക്തമാകുകയും  സമയം മുഴുവന്‍ പുസ്തകപാരായണത്തിനും പരീക്ഷകള്‍ക്കു തയ്യാറാകുന്നതിനും വേണ്ടി വിനിയോഗിക്കുകയും ചെയ്തപ്പോള്‍, സാഹിത്യത്തിലെ സൃഷ്ടികര്‍മ്മം അതോടെ നിലച്ചു.  സാഹിത്യവിഷയങ്ങളില്‍ കഴിയുന്നത്ര അവഗാഹം നേടുക, പരീക്ഷകള്‍ പാസാകുകഇവ രണ്ടും മാത്രമായി ലക്ഷ്യങ്ങള്‍.  ആ അനസ്യൂതഗതിക്ക് ഒട്ടൊക്കെ ശമനം വന്ന്, ഒന്നു വിശ്രമിക്കാന്‍ സമയം കിട്ടിയപ്പോഴേയ്ക്ക് ദീര്‍ഘമായ അവഗണനയില്‍ പ്രതിഷേധിച്ചിട്ടെന്നപോലെ കവിത്വശക്തി തന്നെവിട്ടൊഴിഞ്ഞു പോയികഴിഞ്ഞിരുന്നുവെന്ന് സി.കെ.സി പരിതപിക്കുന്നു.  'പൂവുതിര്‍ന്ന വഴികള്‍'  എന്ന ചേതോഹരമായ കവിതാസമാഹാരത്തില്‍ 1996 വരെ എഴുതിയ കവിതകളാണുളളത്.  അതു വായിക്കുന്ന ആര്‍ക്കും അദ്ദേഹത്തിന്റെ അക്കാദമിക് മോഹങ്ങള്‍,  കവിതയ്ക്കുവരുത്തിയ നഷ്ടം ഗണ്യമാണെന്നു സമ്മതിക്കുക തന്നെ ചെയ്യും.  കൃതഹസ്തനായ ഒരു കവിയെ ഉടനീളം ആ കവിതകളില്‍ കാണാം.

സതീര്‍ഥ്യരുമായി അക്ഷരശ്ലോകമത്സരങ്ങള്‍ നടത്തുമ്പോള്‍,  എതിരാളികളെ അച്ചുമുട്ടിക്കുവാന്‍ പറ്റിയ ശ്ലോകങ്ങള്‍ കിട്ടാതെ വന്നാല്‍, വീട്ടിലിരുന്നു സ്വന്തമായി ശ്ലോകങ്ങള്‍ ചമച്ചു പഠിച്ചു പ്രതിയോഗികളെ നേരിടുന്ന ഏഴാം ക്ലാസുകാരന്റെ ഒന്നുരണ്ടു ശ്ലോകങ്ങള്‍ ശ്രദ്ധിച്ചാല്‍  മതി, എത്ര ശക്തമായി വേരിറങ്ങിയ കവിതയുടെ നാമ്പാണ് പിന്നീട് ഉണങ്ങി വരണ്ടു പോയതെന്നറിയാന്‍, നോക്കുക.

'ചോരരാലിദമപാഹൃതമായി
ദ്ദൂരദിക്കിലതു ചെന്നൊരു നേരം
ഹാരഭംഗിയതു കണ്ടുടനേ, വ്യാ
പാരിവൃന്ദമതു വാങ്ങി വിലയ്ക്കു്'

ഇങ്ങോട്ടു ഹകാരമിട്ടാല്‍ അങ്ങോട്ടും അതുതന്നെകൊടുക്കാന്‍ തീര്‍ത്തശ്ലോകം പോയതിങ്ങനെ:

'ഹലായുധന്‍ താനതുകേട്ട നേരം
വിലാസമേറീടിന കാനനത്തില്‍
ഹരാദിയാല്‍ പൂജിതനായഗോപീ
മണാളനൊത്തെത്തിയതീവമോദാല്‍'

വൈലോപ്പിളളിയുടെ, തന്നെ ആഴത്തില്‍ സ്പര്‍ശിച്ച 'മാമ്പഴ'ത്താല്‍ പ്രചോദിതനായി 'കൂപ്പുകൈ' എന്നൊരു ഖണ്ഡകാവ്യം മാതൃവാത്സ്യല്യത്തെ കുറിച്ചെഴുതിയതിലെ ചില വരികള്‍ നോക്കാം.

'പട്ടാംബരങ്ങളേ, നിങ്ങള്‍ക്കുമാക്കൊച്ചു
പട്ടട കാണാന്‍ കരുത്തില്ലെന്നോ?
വ്യാജം, ആപ്പിഞ്ചു ശരീരം വെടിഞ്ഞേതോ
തേജസ്സെവിടെയോ പറന്നുപോകെ,
ആ ജഡം  നോക്കാതഭിമാനിക്കുന്നതി
ന്നാജീവനാന്ത സഖാക്കളെന്നായ്'.

അതുപോലെ,
'അച്ചോദ്യം വെണ്‍കുളിര്‍ക്കല്‍മണിമാളികാ
മച്ചില്‍പതിച്ചു പ്രതിദ്ധ്വനിച്ചു
പശ്ചിമവാതമാച്ചോദ്യവുമായ് വീടിന്‍
നിശ്വാസം പോലെ കടന്നുപോയി
പ്രായമധികരിച്ചന്ത്യമടുക്കയാല്‍
കായം കുനിഞ്ഞുളള നെല്‍ച്ചെടികള്‍
പൊന്നില്‍ കതിരില്‍ തിളങ്ങുന്ന നീര്‍ക്കണ
ക്കണ്ണുനീര്‍ തൂകിക്കദനമോടെ,
ദഗ്ദ്ധഹൃദയയാം മാതാവിനേകിനാള്‍
സിദ്ധയാം ഭാഷയിലുത്തരങ്ങള്‍'.

ഈ വക ഭാവനകള്‍ ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ പേനത്തുമ്പില്‍ നിന്നാണുതിര്‍ന്നതെന്നോര്‍ക്കണം.

1960ല്‍ എഴുതിയ 'പ്രേമലേഖനങ്ങള്‍'  എന്ന കവിതയില്‍ ജീവിതത്തെക്കുറിച്ചുളള ക്ലിപ്തമായ വീക്ഷണം കൈമുതലാക്കിയ കവിമനസ്സിന്റെ സ്പന്ദനം കാണാം:

ജീവിതമതാണേതു
നീരസമാകും മരു
ഭൂവിലും തളിര്‍ത്തു പൂ
ത്തമ്മരം വിരാജിക്കും.
പുഴുവായൊരു കൊച്ചു
കൂട്ടിലുള്‍പ്പുക്കാല്‍പ്പോലു
മഴകുറ്റിറങ്ങുന്ന
പൂമ്പാറ്റയത്രേ മര്‍ത്ത്യന്‍!'
ഗദ്യത്തിന്റെ നേട്ടം

കാവ്യത്തിന്റെ നഷ്ടം പക്ഷേ ഗദ്യത്തിന്റെ നേട്ടമായെന്നതാണാശ്വാസം.  കവിയായി അറിയപ്പെടാന്‍ കൊതിച്ച എഴുത്തുകാരന്റെ ആദ്യത്തെ പുസ്തകം തന്നെ കാവ്യനിരൂപണമായിരുന്നു.  തുടര്‍ന്ന് നോവല്‍, ചെറുകഥ, ബാലസാഹിത്യം, സഞ്ചാരസാഹിത്യം, നിരൂപണം, ഭാഷാശാസ്ത്രം, ഗവേഷണം, ഹൈന്ദവദര്‍ശനം, ആദ്ധ്യാത്മികം തുടങ്ങി സാഹിത്യത്തിന്റെ, നാടകമൊഴികെയുളള, സമസ്തമേഖലകളിലുമായി അമ്പതിലധികം പുസ്തകങ്ങള്‍ കൈരളിക്കു സമ്മാനിച്ചിട്ടാണ് സി.കെ.സി അരങ്ങൊഴിഞ്ഞത്.

പുസ്തകങ്ങള്‍ വെറുതെ എഴുതിക്കൂട്ടുകയായിരുന്നില്ല.  വ്യത്യസ്തമായതെന്തെങ്കിലും പറയാനുളളപ്പോള്‍ മാത്രമേ ആ തൂലിക ചലിച്ചിട്ടൂളളൂ.  അക്കാരണത്താല്‍ തന്നെ, ഒന്നാംകിട നിരൂപകരുടെയും സാഹിത്യകാരന്‍മാരുടെയും ഭാഷാപണ്ഡിതന്‍മാരുടെയുമെല്ലാം ശ്രദ്ധയും പ്രശംസയും പിടിച്ചു പറ്റാന്‍ ആ കൃതികള്‍ക്കു കഴിഞ്ഞു.  വിസ്തരഭയത്താല്‍ ഒന്നുരണ്ടുദാഹരണങ്ങള്‍ സ്ഥാലീപുലാകന്യായേന പറഞ്ഞു വയ്ക്കട്ടെ.

ആദ്യകാലഘട്ടത്തിലെഴുതിയ നോവലായ 'വൈക്കം കായല്‍' ഏറെ ആസ്വാദകശ്രദ്ധ പിടിച്ചുപറ്റിയ കൃതിയാണ്.  നോവല്‍ സാഹിത്യചരിത്രത്തില്‍  അതിനെ ഒരു 'ദേശത്തിന്റെ കഥ', 'വിഷകന്യക', 'ആരണ്യക്' (ബംഗാളി നോവല്‍) തുടങ്ങിയവയ്‌ക്കൊപ്പമാണ് മനോരമവാരികയുടെ പത്രാധിപരായിരുന്ന കെ.എം തരകന്‍ പ്രതിഷ്ഠിച്ചത്.

'പ്രതിമാനകല്‍പനം കാല്പനിക കവിതയില്‍'എന്ന പഠനഗ്രന്ഥം ആശാന്‍, ഉളളൂര്‍ വളളത്തോള്‍, ചങ്ങമ്പുഴ, ജി.ശങ്കരക്കുറുപ്പ് എന്നീ കവികളുടെ കവിതകളിലെ പ്രതിമാനങ്ങളെ(imagery)ക്കുറിച്ച് ആഴത്തിലുളള പഠനമാണ്. സി.കെ.സിയുടെ ഡോക്ടറേറ്റിന്റെ ഗവേഷണവിഷയമായിരുന്നു ഇത്.  മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ മലയാളം ഡിപാര്‍ട്ട്‌മെന്റിന്റെ പ്രൊഫസറായിരുന്ന കെ.എന്‍ എഴുത്തച്ഛനായിരുന്നു പി.എച്ച്ഡിയ്ക്കുളള ഇന്റര്‍വ്യൂബോര്‍ഡിലെ ഒരംഗം.  ഇന്റര്‍വ്യൂവിന് എത്തിച്ചേരാന്‍ കഴിയാതിരുന്ന അദ്ദേഹം അയച്ചുകൊടുത്ത കത്ത് ശ്ര.ഒ.എം അനുജന്‍ ഇന്റര്‍വ്യൂ ബോര്‍ഡില്‍ വായിക്കുകയുണ്ടായി,  അതില്‍ പറഞ്ഞിരുന്നത് വൈവാവോസി കൂടാതെ തന്നെ ഈ പ്രബന്ധത്തിന് പി.എച്ച്.ഡി നല്‍കാന്‍ താന്‍ ശുപാര്‍ശ ചെയ്യുന്നുവെന്നാണ്.  അതായിരുന്നു ആ പഠനത്തിന്റെ പണ്ഡിതസമ്മിതി.

'മഹാകവി ഉളളൂര്‍' എന്ന സാഹിത്യ നിരൂപണം, ഇറങ്ങിയ കാലം മുതല്‍ക്കേ കേരളകാലിക്കറ്റ് സര്‍വ്വകലാശാലകളുടെ  മലയാളം എം.എയ്ക്ക് റഫറന്‍സ് ബുക്കായി അംഗീകരിക്കപ്പെട്ടിരുന്നു.  അതേ നിലയ്ക്ക് അംഗീകരിക്കപ്പെട്ടതും ഇപ്പോഴും നല്ല പ്രചാരത്തിലുളളതുമായ മറ്റൊരു ഗവേഷണഗ്രന്ഥമാണ് 'ലീലാതിലകസൂത്രഭാഷ്യം'.

ഗദ്യരചനമൂന്നു ഭാഗങ്ങള്‍ (അഭ്യാസരചന, മൌലികരചന, വാക്യരചന), മലയാളബോധനം, അടിസ്ഥാനവ്യാകരണംരണ്ടു ഭാഗം (പൂര്‍വ്വഭാഗം, ഉത്തരഭാഗം), അമരം ഭാഷ എന്നീ പ്രാമാണികഗ്രന്ഥങ്ങള്‍ ഹൈസ്‌കൂള്‍, കോളേജ് തലങ്ങളിലേയ്ക്ക് Language Institute ആവശ്യപ്പെട്ടതനുസരിച്ചും മറ്റും തയ്യാറാക്കിയവയാണ് ('മലയാളബോധനം' B.Edന് മലയാളം അധ്യാപനത്തിനുവേണ്ടി തയ്യാറാക്കുകയായിരുന്നു).

മാതൃഭൂമി ബുക്‌സിലൂടെ പുറത്തിറങ്ങാനിരിക്കുന്ന അവസാനത്തെ പുസ്തകം 'ആദ്ധ്യാത്മികസാഹിത്യചരിത്രം' മലയാളത്തില്‍ ഇത:പര്യന്തമുണ്ടായിട്ടുളള  ഗ്രന്ഥങ്ങളിലെ ആദ്ധ്യാത്മികകാര്യങ്ങളെപ്പറ്റിയുളള യുക്ത്യധിഷ്ഠിതവും അപഗ്രഥനാത്മകവുമായ പഠനമാണ്.  നമ്മുടെ ആദ്ധ്യാത്മികസാഹിത്യത്തിന് കനപ്പെട്ട ഒരു മുതല്‍ക്കൂട്ടാകാന്‍ പോകുന്ന പുസ്തകം. ഒരു പക്ഷേ, അമ്മാവന്റെ 'മാഗ്‌നം ഓപസ്' അതാകുമെന്ന് ഞാന്‍ കരുതുന്നു.

വാമൊഴിയിലും അതികേമന്‍

'സഹിതസ്യ ഭാവ'മെന്നാണ് സാഹിത്യത്തിന് മനീഷികള്‍ നല്‍കിയിട്ടുളള ഒരു വിശദീകരണം.  അതായത് , സമ്മേളനം അഥവാ രഞ്ജിപ്പിന്റെ ഭാവമാണ് സാഹിത്യം.  നല്ലപ്രഭാഷണത്തില്‍ ഈ സാമജ്ഞസ്യഭാവം അവശ്യം ഉണ്ടാകുമെന്നതിനാല്‍ പ്രഭാഷണവും സാഹിത്യമാണെന്നു കാണാം.  ശ്രോതാക്കളെ പിടിച്ചിരുത്തുന്ന, ഉടനീളം വിഷയത്തിലുളള തന്റെ അവഗാഹം സ്ഫുടീകരിച്ചുകൊണ്ടും ശ്രുതിമധുരമായ കവിതകളിലൂടെയും ശ്ലോകങ്ങളിലൂടെയും ഉപകഥകളിലൂടെയും  മറ്റും അര്‍ത്ഥതലങ്ങള്‍ വിശദീകരിച്ചുകൊണ്ടുമുളള  സി.കെ.സിയുടെ പാണ്ഡിത്യം നിറഞ്ഞ മതപ്രഭാഷണങ്ങള്‍ ആബാലവൃദ്ധം, ആപണ്ഡിതപാമരം ഏറെ പ്രീതി നേടിയവയായിരുന്നു.  ചേര്‍ത്തല താലൂക്കിലും പുറത്തുമുളള വിവിധ ക്ഷേത്രങ്ങളില്‍ ഉല്‍സവവേളകളില്‍  അദ്ദേഹത്തിന്റെ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പര ഉത്തരോത്തരം ജനശ്രദ്ധ നേടിയിരുന്നവയാണ്.

സ്‌കൂള്‍ഫൈനല്‍ ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെ 'മാമ്പഴ'ത്തെ അധികരിച്ച്  സ്‌കൂള്‍ വാര്‍ഷികത്തിനും തുടര്‍ന്നും കഥാപ്രസംഗങ്ങള്‍ തയ്യാറാക്കി അവതരിപ്പിച്ചുകൊണ്ടു തുടങ്ങിയ കഥാകഥന, പ്രഭാഷണ വൈദഗ്ദ്ധ്യം പില്‍ക്കാലത്ത് ആകാശവാണിയിലുടെ നടത്തിയ കഥാപ്രസംഗങ്ങള്‍, പ്രഭാഷണങ്ങള്‍, വിദ്യാഭ്യാസ രംഗം പരിപാടി തുടങ്ങിയവയിലൂടെ പുഷ്ടിപ്രാപിച്ചതുവഴി, 'പ്രതിഭാ നവനവോന്മേഷശാലിനീ പ്രജ്ഞാമതാ' എന്നുളള പ്രതിഭാനിര്‍വചനം വരമൊഴിയിലെന്നപോലെ വാമൊഴിയിലും തികച്ചും  തനിക്കിണങ്ങുന്നതാണെന്ന് കാണിക്കുന്നതായി.

സാഹിത്യത്തിരുമുറ്റത്തെ ഒറ്റയാന്‍

തന്റെ ആദ്യകൃതികള്‍ക്കുവേണ്ടിപ്പോലും അവതാരിക ചോദിച്ചോ മറ്റവിധ ശുപാര്‍ശകള്‍ തേടിയോ  ആരെയും സമീപിക്കാതിരുന്ന സി.കെ.സി എന്നും സാഹിത്യപ്പൂങ്കാവനത്തില്‍ ഒറ്റയ്ക്ക് നിന്നു സൌരഭ്യം പരത്തിയ മന്ദാരപ്പൂവായിരുന്നു.  പുരസ്‌കാരലബ്ധിക്കുവേണ്ടിയുളള വേലചെയ്യലോ, ചരടുവലിക്കലോ അതിനുവേണ്ടിയുളള ഉപജാപക വൃന്ദങ്ങള്‍ക്ക്  സേവ പിടിക്കലോ ഒന്നും തന്റെ സ്വഭാവരീതിക്കു ഒട്ടും യോജിച്ചതായിരുന്നില്ല.  അച്ചടിച്ചുവന്ന പുസ്തകങ്ങളെല്ലാം വില്‍പ്പനയില്‍ മുന്‍പന്തിയിലായിരുന്നു എന്നും പ്രതിഭയുടെ മന്ദാരമാലകള്‍ക്ക് സഹൃദയരുടെമനസ്സുകളിലേയ്ക്ക കയറാന്‍  മറ്റൊന്നിന്റെയും അകമ്പടി ആവശ്യമായിരുന്നില്ല.

നാല്പത്തഞ്ചോളം വര്‍ഷത്തെ അധ്യാപനവൃത്തി നേടിക്കൊടുത്ത പതിനായിരക്കണക്കായ ശിഷ്യസമ്പത്ത്.   ഇടയ്ക്കിടെ പ്രിയപ്പെട്ട സി.കെ.സി സാറിനെ കാണാന്‍  സ്‌നേഹാദരങ്ങളുടെ പൂച്ചെണ്ടുമായി വന്നെത്താറുളള, സൈന്യത്തിലെ ഉന്നതോദ്യോഗസ്ഥന്മാരടക്കമുളള, സമൂഹത്തിന്റെ വിവിധ മേഖലകളിലെ  ഉന്നതശീര്‍ഷരായ പൂര്‍വ്വകാല ശിഷ്യര്‍ നല്‍കി വന്ന  സ്‌നേഹവായ്പ്.  അതില്‍നിന്നൊക്കെ ഊര്‍ജ്ജമുള്‍ക്കൊണ്ട്,  തളരുന്ന പാദങ്ങളെയും തൂലികപിടിക്കാനശക്തമായി വിറകൊളളുന്ന കൈവിരലുകളെയും അവഗണിച്ച്, തളരാത്ത ഓര്‍മ്മശക്തിയും  ചിന്താശക്തിയുമായി  82ാം വയസ്സിലും  ഒരു സഹായിയുടെ കേട്ടെഴുത്തോടെ, നിരന്തരം സാഹിത്യസപര്യ തുടര്‍ന്നുവന്ന അതുല്യ കര്‍മ്മയോഗി.

സഫലമായ ആ ജീവിതസപര്യയ്ക്കുമുന്നില്‍,  ആ ജ്ഞാനജ്യോതിസ്സ് പൈതൃകമായി ബാക്കിവച്ചുപോയ  അക്ഷയജ്ഞാനപ്രകാശത്തിനു മുമ്പില്‍,  സപ്രണാമം, സാജ്ഞലിയായി ഈ സ്മരണകള്‍ സര്‍പ്പിക്കുന്നു.


No comments:

Post a Comment

അനുസ്മരണം

അനുസ്മരണം